Latest Videos

പൗരത്വ രജിസ്റ്ററില്‍ എന്‍ഡിഎയില്‍ ഭിന്നത ശക്തം: മുന്നണിയോഗം വിളിക്കണമെന്ന് ജെഡിയു, ഒപ്പം കൂടി രണ്ട് ഘടകകക്ഷികള്‍

By Web TeamFirst Published Dec 22, 2019, 12:34 PM IST
Highlights

ജെഡിയുവിനേയും എല്‍ജെപിയേയും കൂടാതെ ഒഡീഷയിലെ ബിജു ജനതാദളും ദേശീയ പൗരത്വ രജിസ്റ്ററില്‍ ഭിന്നനിലപാടാണ് സ്വീകരിക്കുന്നത്. 

ദില്ലി: ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലി എന്‍ഡിഎ മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. നിതീഷ് കുമാറിന്‍റെ ജെഡിയു, രാം വില്വാസ് പാസ്വാന്‍റെ ലോക്ജനശക്തി പാര്‍ട്ടി, അസം ഗണം പരിഷത്ത് എന്നീ എന്‍ഡിഎ ഘടകകക്ഷികള്‍ ദേശീയ പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലും ബിജെപിക്കെതിരെ നിലപാട് ശക്തമാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. 

മൂന്ന് പാര്‍ട്ടികളും പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണ് പാര്‍ലമെന്‍റില്‍ സ്വീകരിച്ചതെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററില്‍ വിഭിന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ അസമിലുണ്ടായ വ്യാപക പ്രക്ഷോഭമാണ് മുന്‍നിലപാടില്‍ നിന്നും അസം ഗണം പരിക്ഷത്തിനെ പിന്നോക്കം വലിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ആ പാര്‍ട്ടി. 

ജെഡിയുവിനേയും എല്‍ജെപിയേയും കൂടാതെ ഒഡീഷയിലെ ബിജു ജനതാദളും ദേശീയ പൗരത്വ രജിസ്റ്ററില്‍ ഭിന്നനിലപാടാണ് സ്വീകരിക്കുന്നത്. പൗരത്വ നിയമഭേദഗതിയില്‍ ബിജു ജനതാദള്‍ കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററിനെതിരാണ് ബിജു ജനതാദള്‍. 

അതിനിടെ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നടപടികള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ചു. നേരത്തെ ബംഗാളും കേരളവും സെന്‍സസ് നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ദേശീയ ജനസംഖ്യ രജിസ്റ്ററിയിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തിയേക്കാം എന്ന ആശങ്ക പൊതുജനങ്ങളില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരളവും ബംഗാളവും ഇപ്പോള്‍ രാജസ്ഥാനും സെന്‍സസ് നടപടികള്‍ നിര്‍ത്തി വച്ചിരിക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് രാജ്യവ്യാപകമായി സെന്‍സസ് നടക്കുക. 2021ല്‍ സെന്‍സസ് പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തു വിടും. 

click me!