യുപിയിലെ ഹത്രാസിൽ വാനിന് പിന്നിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്

ലക്ക്നൗ: യുപിയിലെ ഹത്രാസിൽ വാനിന് പിന്നിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലിയിൽ നിന്ന് ദോൽപൂരിലേക്ക് പോകുകയായിരുന്ന വാനിൻ്റെ പിന്നിൽ ഡബിൾഡെക്കർ ബസ് ഇടിക്കുകയായിരുന്നു.വാനിൽ ആകെ ഉണ്ടായിരുന്നത് 13 പേരാണ്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്. രാവിലെ ഏകദേശം 4:20 നായിരുന്നു അപകടം നടന്നത്.മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ മൂന്നോ നാലോ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ കുട്ടികളെ അഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേർ അപകടനില തരണം ചെയ്തിട്ടുണ്ട്. വാനിലെ ഡ്രൈവർക്ക് പരിക്കില്ല.

അപകട വിവരം ലഭിച്ചയുടൻ അഡീഷണൽ സൂപ്രണ്ടന്റ് ഓഫ് പൊലീസ് രാം ആനന്ദ് കുശ്വാഹ, സദാബാദ് സർക്കിൾ ഓഫീസർ, സ്റ്റേഷൻ ഹൗസ് ഓഫീസർ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടക്കുകയാണ്. എല്ലാ യാത്രക്കാരും ദില്ലിയിലെ പ്രേം നഗർ സ്വദേശികളാണെന്നും വിവിധ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.