
കൊൽക്കത്ത: മമത സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നല്‍കിയ മെട്രോ ഡയറി അഴിമതി കേസില്‍ എതിര്‍കക്ഷിക്കായി ഹാജരായതില്‍ പി ചിദംബരം എംപിക്കെതിരെ കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് അഭിഭാഷകരുടെ പ്രതിഷേധം. കോടതിക്ക് പുറത്തിറങ്ങിയ ചിദംബരത്തെ അഭിഭാഷകര്‍ കരിങ്കൊടി കാണിച്ചു. മമത ബാനര്‍ജിയുടെ അനുയായിയാണ് ചിദംബരമെന്നും നടപടി പാര്‍ട്ടിക്ക് നാണക്കേടായെന്നും അഭിഭാഷകര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ചിദംബരത്തിന്‍റെ നടപടി കേന്ദ്ര നേതൃത്വം പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് അഭിഭാഷകരുടേത് സ്വാഭാവികമായ പ്രതികരണമെന്ന് ന്യായീകരിച്ച പി സി സി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പ്രൊഷണല്‍ ലോകത്ത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. എന്തായാലും ചിദംബരത്തിന്‍റെ നടപടി കോണ്‍ഗ്രസ് ബംഗാള്‍ ഘടകം ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് വിവരം.
എന്താണ് മെട്രോ ഡയറി അഴിമതി കേസ്
1991ലാണ് പൊതു സ്വാകാര്യ പങ്കാളിത്തത്തോടെ ക്ഷീരോത്പാദന മേഖലയില്‍ മെട്രോ ഡയറി സ്ഥാപിക്കുന്നത്.ബംഗാള്‍ സര്‍ക്കാരിന്‍റെ കീഴിലുള്ള മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന് 47 ശതമാനം ഓഹരിയും,കേന്ദ്രത്തിന് കീഴിലുള്ള നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡിന് 10 ശതമാനവും, സ്വകാര്യ കമ്പനിയായ കെവന്‍റ്‍ അഗ്രോ ലിമിറ്റിഡിന് 43 ശതമാനം ഓഹരിയും. എന്നാല്‍ പിന്നീട് 2017ല്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനും, നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡും അവരുടെ ഓഹരികള്‍ കെവന്‍റേഴ്സിന് വിറ്റു. ലേലത്തില്‍ പങ്കെടുത്ത് ഈ ഒരു കമ്പനി മാത്രമായിരുന്നുവെന്നതാണ് വിചിത്രം. സര്‍ക്കാരിന്‍റെ 47 ശതമാനം ഓഹരി കെവന്‍റര്‍ ഗ്രൂപ്പിന് 85 കോടി രൂപക്കാണ് നല്‍കിയതെങ്കില്‍, 15 ശതമാനം ഓഹരി മാത്രം സിംഗപൂര്‍ കമ്പനിക്ക് കെവന്‍റര്‍ ഗ്രൂപ്പ് ഏതാനും ആഴ്ചകള്‍ക്കിടെ 135 കോടിക്കാണ് മറിച്ചുവിറ്റത്.കെവന്‍റര്‍ ഗ്രൂപ്പുമായുള്ള ഇടപാടില്‍ മമത ബാനര്‍ജിക്ക് വന്‍ തുക കോഴ കിട്ടിയിട്ടുണ്ടെന്നാരോപിച്ചാണ് പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. ബിജെപിയും ഈ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam