തമിഴ്നാട്ടിലും ‘ബിഹാർ’ മോഡൽ നടപ്പാക്കി സ്റ്റാലിൻ സര്‍ക്കാര്‍. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി.നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എംകെ സ്റ്റാലിന്‍റെ തന്ത്രപരമായ നീക്കം.

ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് വമ്പൻ നീക്കവുമായി സ്റ്റാലിൻ സർക്കാർ. 1.31 കോടി വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം സർക്കാർ കൈമാറി. തമിഴ്നാട്ടിലും ‘ബിഹാർ’ മോഡൽ നടപ്പാക്കിയാണ് സ്റ്റാലിൻ സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഭരണത്തുടർച്ച കിട്ടിയാൽ സ്ത്രീകൾക്കുള്ള പ്രതിമാസ ആനുകൂല്യം 2000 രൂപ വീതമാക്കി ഉയർത്തുമെന്നും എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ നിഷ്പ്രഭമാക്കിയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുക്കാനുള്ള എതിരാളികളുടെ നീക്കത്തിന് ഒരു മുഴം മുൻപേയെറിഞ്ഞുമാണ് എം.കെ.സ്റ്റാലിന്‍റെ സുപ്രധാന നടപടി. 

Add Asianetnews as a Preferred SourcegooglePreferred

കരുണാനിധിയുടെ പേരിൽ വീട്ടമ്മമാർക്കു പ്രതിമാസം 1000 രൂപ വീതം നൽകുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. എല്ലാ മാസവും 15-ാം തീയതി ബാങ്ക് അക്കൗണ്ടിൽ പണം എത്തുന്ന പദ്ധതിയിൽ ഫെബ്രുവരിയിലെ 1000 രൂപയ്ക്ക് പുറമേ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുകയും മുൻകൂറായി ഇന്ന് നൽകി. കൂടാതെ പ്രത്യേക വേനൽക്കാലബത്ത എന്ന പേരിൽ 2000 രൂപയും കൈമാറി. തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളുടെ അവകാശം കവരാൻ ചിലർ ശ്രമം തുടങ്ങിയത് അറിഞ്ഞതിനാലാണ് ഇപ്പോൾ തന്നെ പണം നൽകുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി. 

അടുത്ത ഡിഎംകെ ഭരണത്തിൽ വീട്ടമ്മാർക്ക് 2000 രൂപ പ്രതിമാസം നൽകുമെന്നും വാക്ക് പറഞ്ഞാൽ പാലിക്കുന്ന സ്റ്റാലിന്‍റെ വാഗ്ദാനം ആണിതെന്നും എംകെ സ്റ്റാലിൻ വ്യക്തമാക്കി. ബിഹാറിൽ എല്ലാ വീട്ടിലും സർക്കാർ ജോലി അടക്കം തേജസ്വി യാദവ് ഉയർത്തിയ വാഗ്ദാനങ്ങൾ, വീട്ടമ്മമാർക്ക് 10,000 രൂപ ഒറ്റത്തവണയായി നൽകി മറികടന്ന നീതീഷ് കുമാർ എന്നിവരുടെ നീക്കങ്ങളാണ് സ്റ്റാലിന് പ്രചോദനമായത്. എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെട്ടാനാണ് സ്റ്റാലിന്‍റെ തുറുപ്പുചീട്ട്. എഐഎ‍ഡിഎംകെ സര്‍ക്കാര്‍ 2000 രൂപ വീതം നൽകുമെന്ന് ഇപിഎസ് വാഗ്ദാനം ചെയ്തിരുന്നു.

YouTube video player