
ദില്ലി: നോട്ട് നിരോധനത്തില്‍ ബിജെപിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. നോട്ട് അസാധുവാക്കൽ സമയത്തെ നോട്ട് മാറ്റി നൽകൽ അഴിമതിയിൽ ബിജെപിക്കെതിരെ കൂടുതൽ ഒളിക്യാമറ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. ഗുജറാത്തിലെ ബിജെപി ഓഫീസ്, മഹാരാഷ്ട്ര കൃഷിമന്ത്രിയുടെ ഓഫീസ്, മുംബൈ ഹോട്ടൽ എന്നിവിടങ്ങളിൽ നടന്ന ഇടപാടിന്‍റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്.
നോട്ട് നിരോധനത്തെക്കുറിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് അറിവുണ്ടായിരുന്നുവെന്ന് ഒളിക്യാമറ ദൃശ്യങ്ങളിലെ സംഭാഷണത്തിൽ നിന്നും വ്യക്തമാണെന്ന് കോൺഗ്രസ് ആരോപിച്ചു. നോട്ട് നിരോധന സമയത്തെ വ്യാപക അഴിമതി തുറന്ന് കാട്ടുന്ന കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും കേസെടുത്ത് അന്വേഷണം നടത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറാകണമെന്നും കോൺഗ്രസ് വക്താവ് കപിൽ സിബൽ ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കലിന് മുൻപ് വിദേശത്ത് നിന്ന് പുതിയ നോട്ട് അച്ചടിച്ചു കടത്തിയെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് പറയുന്നു. സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോയിൽ ഉള്ളയാൾ നേരത്തെ ഐബി ഫീൽഡ് അസിസ്റ്റന്റ് ആയിരുന്നുവെന്ന് കേന്ദ്ര സർക്കാർ തന്നെ സ്ഥിരീകരിച്ചു. ഇയാളെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നെന്ന ക്യാബിനറ്റ് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ നിന്ന് തന്നെ ഇടപാടിലെ ഇയാളുടെ പങ്ക് വ്യക്തമാണെന്ന് കപിൽ സിബൽ ആരോപിച്ചു.
നോട്ട് മാറ്റി നൽകാൻ ഗുജറാത്ത് കൃഷി മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചകളുടെ ദൃശ്യങ്ങളും ഹോട്ടലിൽ പണം കൈമാറുന്ന ദൃശ്യങ്ങളുമാണ് കോൺഗ്രസ് പുറത്തു വിട്ടത്. ചർച്ചയിൽ ഡി സി പി വഡേക്കർ, ബാങ്ക് ഓഫ് ഇന്ത്യ മുൻ മേധാവി റൂസ്‌തം ദാരുവാല എന്നിവരും പങ്കെടുത്തിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുബൈയിലെ ട്രിനാഡ ഹോട്ടലിൽ ബാങ്ക് ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത ദൃശ്യങ്ങളും പുറത്തു വിട്ടു.
നോട്ട് നിരോധന സമയത്ത് പഴയ നോട്ടുകൾ ബാങ്കിൽ കൈമാറാനുള്ള സമയ പരിധി കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്തു.
അഹമ്മദാബാദിലെ ബിജെപി ഓഫീസ് കേന്ദ്രീകരിച്ചു നടന്നതു വ്യാപക അഴിമതി എന്ന് കോൺഗ്രസ് ആരോപിച്ചു. 2017 മാർച്ചിലെ വീഡിയോകൾ പുറത്ത് വിട്ട് കൊണ്ടാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam