
ബംഗളൂരു: കര്‍ണാടകത്തിലെ വിമത എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്ന സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വിധി നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നതാണ് വിധിയെന്നും കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു ആരോപിച്ചു.
എംഎല്‍എമാരുടെ രാജിക്കത്തില്‍ അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതി വിധിച്ചത്. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നേരത്തെ വിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെങ്കില്‍ വിപ്പ് ലംഘിച്ചതിന്‍റെ പേരില്‍ എംഎല്‍എമാരെ അയോഗ്യരാക്കാമെന്നും കോണ്‍ഗ്രസിന് കണക്കുകൂട്ടലുണ്ടായിരുന്നു. എന്നാല്‍, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ വിപ്പ് അപ്രസക്തമായതോടെയാണ് വിധി കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കൂറുമാറുന്നവരെ സംരക്ഷിക്കുന്നതാണ് വിധിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കോടതി വിധിക്കെതിരായ കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി ആരോപിച്ചു. വിധിയിലൂടെ വിമത എംഎല്‍എമാര്‍ ധാര്‍മ്മിക വിജയം നേടിയതായും ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ പറഞ്ഞു. വിപ്പ് ബാധകമാവില്ല എന്നത് ശരിയല്ലെന്നും വിപ്പ് നൽകാനും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാനും പാർട്ടികൾക്ക് കഴിയുമെന്നും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം, രാജിവച്ച എംഎല്‍എമാരില്‍ ഒരാളായ രാമലിംഗ റെഡ്ഢി കോണ്‍ഗ്രസില്‍ തുടരുമെന്ന് പ്രഖ്യാപിച്ചു. നാളെ വിശ്വാസവോട്ടെടുപ്പിന് എത്തുമെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. വിപ്പ് ലംഘിക്കുന്ന എംഎല്‍എമാര്‍ക്കെതിരെ പരാതി നല്‍കാന്‍ തടസ്സമില്ലെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ മുൻകൂർ അനുമതി വാങ്ങണം. മറ്റ് ഇളവുകൾ ബാധകമല്ലെന്നും തന്നെ കാണാനെത്തിയ കോൺഗ്രസ് സംഘത്തെ സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam