ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ: 193 സീറ്റില്‍ തീരുമാനമായി

By Web TeamFirst Published Jan 28, 2021, 4:58 PM IST
Highlights

കോണ്‍ഗ്രസ്-സിപിഎം സഖ്യം തൃണമൂലിനെതിരെ ഒരുമിച്ചെങ്കിലും പ്രതീക്ഷിത വിജയമുണ്ടായില്ല. 2016ല്‍ കോണ്‍ഗ്രസ് 44 സീറ്റിലും എല്‍ഡിഎഫ് 33 സീറ്റിലുമാണ് വിജയിച്ചത്.
 

കൊല്‍ക്കത്ത: ബംഗാളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കുന്ന സീറ്റുകളില്‍ 193 എണ്ണത്തില്‍ ധാരണയായതായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. 101 സീറ്റില്‍ എല്‍ഡിഎഫും 92 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള 101 സീറ്റുകളില്‍ ധാരണയായിട്ടില്ല. ഈ സീറ്റുകളിലും ഉടന്‍ ധാരണയാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് 48ഉം എല്‍ഡിഎഫിന് 68ഉം സീറ്റ് ലഭിക്കാനാണ് സാധ്യത. 

294 സീറ്റുകളിലേക്കാണ് മത്സരം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2016ലും കോണ്‍ഗ്രസ്-സിപിഎം സഖ്യം തൃണമൂലിനെതിരെ ഒരുമിച്ചെങ്കിലും പ്രതീക്ഷിത വിജയമുണ്ടായില്ല. 2016ല്‍ കോണ്‍ഗ്രസ് 44 സീറ്റിലും എല്‍ഡിഎഫ് 33 സീറ്റിലുമാണ് വിജയിച്ചത്.

ഇത്തവണ ബംഗാളിലെ രാഷ്ട്രീയ സമവാക്യത്തില്‍ മാറ്റം വന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടി ബിജെപി തൃണമൂലിന് പ്രധാന വെല്ലുവിളിയായി മാറി. 200ലധികം സീറ്റ് നേടി ഭരണത്തിലേറുമെന്നാണ് ബിജെപിയുടെ അവകാശ വാദം.
 

click me!