
ദില്ലി: പശ്ചിമ ബംഗാളിലെയും അസമിലെയും എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺഗ്രസും ടിഎംസിയും. പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺഗ്രസ് ക്യാമ്പിലെ വികാരം. അതേസമയം, ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അട്ടിമറി വിജയം ബംഗാളിൽ പ്രവചിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അനൂകൂല സർവേ പോലും തൃണമൂൽ കോൺഗ്രസിന്റെ സീറ്റുകൾ കാര്യമായി കുറയുമെന്ന് പറയുന്നുണ്ട്. എന്നാൽ എല്ലാ പ്രവചനങ്ങളും പാടേ തള്ളുകയാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. 235 സീറ്റുകൾ വരെ നേടി നാലാമതും മമത അധികാരത്തിലെത്തുമെന്നും, ബിജെപി 50 കടക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബംഗാളിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പാളിയതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ മുന്നേറ്റമാണ് എല്ലാ ഏജൻസികളും പ്രവച്ചതെങ്കിൽ ഫലം വന്നപ്പോൾ 42 ൽ 29 സീറ്റും ടിഎംസിയാണ് നേടിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികം പ്രവചനങ്ങളും ടിഎംസിക്ക് അനുകൂലമായിരുന്നുവെങ്കിലും ആരും 200 സീറ്റ് പറഞ്ഞിരുന്നില്ല. ഫലം വന്നപ്പോൾ ടിഎംസി 215 സീറ്റ് നേടി. ഇന്ന് രണ്ട് ഏജൻസികൾ കൂടി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നുണ്ട്. ഇതും നേതാക്കൾ കാത്തിരിക്കുകയാണ്. ഇന്നലെ രണ്ടാംഘട്ടത്തിലും 92.67 ശതമാനമായി റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ ബംഗാളിൽ 92.49% മാണ് ആകെ പോളിംഗ്. ഇത് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണ്. അതിനിടെ ഡയമണ്ട് ഹാർബറിൽ വോട്ടിംഗ് മെഷീനിൽ ബിജെപി സ്ഥാനാർത്ഥിയുടെ പേരിന് നേരെ ടേപ്പ് ഒട്ടിച്ച് മറച്ച സംഭവം അടക്കം 77 ഇടങ്ങളിൽ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും, ഇവിടങ്ങളിൽ റീപോളിംഗ് നടത്തേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതേസമയം അസമിൽ എല്ലാ സർവേകളും എൻഡിഎയ്ക്ക് വൻ വിജയം പ്രഖ്യാപിച്ചതിൽ കടുത്ത നിരാശയിലാണ് കോൺഗ്രസ് ക്യാമ്പ്. അവസാന നിമിഷത്തെ പരീക്ഷണങ്ങൾ പാളിയോ എന്ന ആശയകുഴപ്പം നേതൃത്വത്തിനുണ്ട്. എഐയുഡിഎഫും, ബോഡോ പാര്‍ട്ടികളുമായി സഖ്യങ്ങൾ രൂപീകരിക്കാത്തതും, ഗൗരവ് ഗോഗോയിയെ പിസിസി അധ്യക്ഷനായി നിയമിച്ചതും ഫലം കണ്ടില്ലെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam