മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണു; മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Published : Apr 30, 2026, 12:34 PM IST
Piling machine collapse Mumbai

Synopsis

മുംബൈയിലെ സിയോൺ - പൻവേൽ ഹൈവേയിൽ മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സന്തോഷ് ഗോപാൽ ചവാനാണ് മരിച്ചത്. 

മുംബൈ: മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മുംബൈയിലെ സിയോൺ - പൻവേൽ ഹൈവേയിൽ ആണ് സംഭവം. നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാനാണ് മരിച്ചത്. മൻഖുർദ് ടി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.

അശാസ്ത്രീയമായ രീതിയിൽ തറയിൽ ഉറപ്പിക്കാതെ സ്ഥാപിച്ച പൈലിംഗ് മെഷീൻ ഒരു വശത്തേക്ക് മറിയുകയും പൊലീസുകാരന്‍റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിവടെയുള്ള സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഈ സംഭവം വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.

അപകടത്തെ തുടർന്ന് മുംബൈയിലെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നോർത്ത് ബൗണ്ട് സ്ട്രെച്ചിലെ മൻഖുർദ് പുതിയ പാലത്തിന് സമീപം മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. മുംബൈ ട്രാഫിക് പൊലീസിന്റെ ഇടപെടലിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

സംഭവത്തിൽ കരാറുകാരന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയ്ക്ക് മൻഖുർദ് പൊലീസ് കേസെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കരാറുകാരും സൈറ്റ് സൂപ്പർവൈസർമാരും വീഴ്ച വരുത്തിയോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മുംബൈയിൽ നിർമ്മാണത്തിലിരിക്കുന്ന സൈറ്റുകളിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. ഏപ്രിലിൽ ബികെസിയിൽ മെട്രോ നിർമ്മാണത്തിനിടെ ക്രെയിൻ മറിഞ്ഞിരുന്നു. ഫെബ്രുവരിയിൽ മുളുന്ദിൽ മെട്രോ ഗർഡർ തകർന്ന് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റമണിക്കൂറിൽ ഒറ്റപ്പെയ്ത്ത്; ബെംഗളൂരു കുളമായി; മതിലിടിഞ്ഞു, കടപുഴകി മരങ്ങൾ, വൈദ്യുതാഘാതം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; അപകടമുണ്ടായത് ദില്ലി - മുംബൈ എക്സ്പ്രസ് വേയിൽ