
ദില്ലി: കുടിയേറ്റ തൊഴിലാളികൾക്കുള്ള ബസിന്‍റെ പേരിലെ തർക്കത്തിനു ശേഷം കോൺഗ്രസ് ബിജെപി ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമായിരിക്കുകയാണ്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കെതിരെ കർണ്ണാടക പോലീസ് കേസെടുത്തതാണ് അടുത്ത ഏറ്റമുട്ടലിന് ഇടയാക്കിയിരിക്കുന്നത്. അതിനിടെ, പിന്നോട്ടില്ലെന്ന സന്ദേശം നല്കി പ്രിയങ്കാ ഗാന്ധി രംഗത്തു വന്നു.
കഴിഞ്ഞ പതിനൊന്നിന് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന പരാമര്‍ശമാണ് സോണിയാ ഗാന്ധിക്കെതിരായ കേസിനാധാരം. പിഎം കെയേഴ്സ് ഫണ്ട് കൊണ്ട് പ്രധാനമന്ത്രി ലോകം ചുറ്റുമെന്ന ട്വീറ്റ് അപമാനകരമെന്ന് ചൂണ്ടിക്കാട്ടി ബിജെപി അനുഭാവിയായ അഭിഭാഷകൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കർണ്ണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. . അപവാദ പ്രചാരണം, രാജ്യത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കുടിയേറ്റ തൊഴിലാളികൾക്ക് ബസ് ഏർപ്പെടുത്തിയ ശേഷം മൂന്നു ദിവസം നീണ്ടു നിന്ന നാടകീയ നീക്കങ്ങൾ ഇന്നലെ വൈകിട്ടാണ് കോൺഗ്രസ് അവസാനിപ്പിച്ചത്. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെതിരെ തെറ്റായ വിവരങ്ങൾ നല്കി എന്നാരോപിച്ച് വഞ്ചനയ്ക്കുൾപ്പടെ രണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് പിൻവലിക്കില്ലെന്ന് യുപി സർക്കാർ ആവർത്തിച്ചു. യോഗി സർക്കാർ തൊഴിലാളികളെ സഹായിക്കുന്നില്ല എന്ന സന്ദേശം നല്കുന്നതിൽ വിജയിച്ച പ്രിയങ്ക ഗാന്ധി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ആകാശം എത്ര ഇരുണ്ടതെങ്കിലും മുന്നോട്ടെന്ന വാക്കുകൾ രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ പ്രിയങ്ക ട്വീറ്റ് ചെയ്തു.
പൗരത്വ പ്രതിഷേധം നിറുത്തിവച്ച ശേഷം നിശ്ചലമായ ദേശീയ രാഷ്ട്രീയം ഈ പുതിയ നീക്കങ്ങളിലൂടെ വീണ്ടും സജീവമാകുകയാണ്.
Read Also: പിഎം കെയേഴ്സിനെതിരെ ട്വീറ്റ്; സോണിയ ഗാന്ധിക്കെതിരെ എഫ്ഐആര്‍...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam