ഗുജറാത്തിലെ 800 പേരുടെ മരണത്തിന് കാരണം 'നമസ്തേ ട്രംപ്' എന്ന് കോണ്‍ഗ്രസ്; ആരോപണം തള്ളി ബിജെപി

By Web TeamFirst Published May 26, 2020, 5:01 PM IST
Highlights

ഇന്ത്യയിലേക്കുള്ള ട്രംപിന്‍റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ഫെബ്രുവരി 24നാണ് ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തത്. മോദിയും ട്രംപും റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു.

അഹമ്മദാബാദ്: ഗുജറാത്തിലെ 800ന് മുകളില്‍ കൊവി‍ഡ് മരണങ്ങള്‍ക്ക് കാരണം 'നമസ്തേ ട്രംപ്' പരിപാടിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അഹമ്മദാബാദില്‍ ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെുത്ത പരിപാടിയെ വിമര്‍ശിച്ചാണ് ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം രംഗത്ത് വന്നിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമെന്നാണ് ബിജെപിയുടെ പ്രതികരണം. ഒരു മഹാമാരി പടരുന്ന ഘട്ടത്തില്‍ രാഷ്ട്രീയം പറയരുതെന്നും ബിജെപി പറയുന്നു.

രാജ്യത്ത് കൊവി‍‍ഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. ഇതിനകം 14,000ത്തിലധികം പേര്‍ക്ക് ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ മാത്രം പതിനായിരത്തിന് മുകളില്‍ ആളുകള്‍ക്ക് രോഗം വന്നു. ഇന്ത്യയിലേക്കുള്ള ട്രംപിന്‍റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ഫെബ്രുവരി 24നാണ് ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തത്. മോദിയും ട്രംപും റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു.

ജനുവരി 30നാണ് ലോകാരോഗ്യ സംഘടന കൊവിഡ് 19 ഒരു പൊതു ആരോഗ്യ അടിയന്തരാവസ്ഥായി പ്രഖ്യാപിക്കുന്നത്. മാര്‍ച്ച് 11ന് മഹാമാരിയായും പ്രഖ്യാപിച്ചു. മാര്‍ച്ച് 20നാണ് ഗുജറാത്തില്‍ ആദ്യ കൊവിഡ് 19 പോസിറ്റീവ് കേസ് സ്ഥിരീകരിക്കുന്നത്. ഗുജറാത്തില്‍ കൊവിഡ് പടര്‍ന്നതില്‍ 'നമസ്തേ ട്രംപ്' െന്ന പരിപാടിയാണ് കാരണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ട പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി ഉടനെ കോടതിയെ സമീപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടന ജനുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ 'നമസ്തേ ട്രംപ്' പരിപാടിയുമായി മുന്നോട്ട് പോയതാണ് 800ല്‍ അധികം പേരുടെ മരണത്തിന് കാരമായതെന്നും അമിത് ആരോപിച്ചു. സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നതും 'നമസ്തേ ട്രംപ്' പരിപാടിയുമായി ഒരു ബന്ധവുമില്ലെന്ന് ഗുജറാത്ത് ബിജെപി വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു. ദില്ലിയില്‍ നടന്ന തബ്‍ലീഗ് ജമാഅത്ത് മതസമ്മേളനമാണ് രോഗം പടരുന്നതിന് കാരണമായെന്നാണ് ബിജെപിയുടെ ആരോപണം. 

click me!