നാട്ടിൽ മടങ്ങി എത്തി; കൊവിഡ് ഇല്ലെന്ന രേഖകൾ അം​ഗീകരിക്കാതെ നാട്ടുകാർ, ഒടുവിൽ കാർ ക്വാറന്റൈൻ ആക്കി യുവാവ്

By Web TeamFirst Published May 26, 2020, 4:42 PM IST
Highlights

മെയ് 21 മുതൽ പാത്ര കാറില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ശുചിമുറി ഉപയോഗത്തിനുമാത്രമാണ് ഇപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത്. ഊണും ഉറക്കവുമെല്ലാം കാറിനുള്ളില്‍ തന്നെയാണെന്ന് പാത്ര പറയുന്നു.

ഭുവനേശ്വാർ: ഔദ്യോ​ഗിക ആവശ്യങ്ങൾക്കായി ബീഹാറിൽ പോയി വന്ന യുവാവിനെ കാറില്‍ നിര്‍ബന്ധിത ക്വാറന്റൈനിലാക്കി നാട്ടുകാര്‍. ഒഡീഷയിലെ ഡോലാബ ഗ്രാമത്തിലാണ് സംഭവം. മധബ പാത്ര എന്ന മുപ്പതുകാരനാണ് കാർ ക്വാറൻൈൻ കേന്ദ്രം ആക്കേണ്ടി വന്നത്. 

ബെര്‍ഹാംപുരില്‍ 14 ദിവസം ക്വാറന്റൈന്‍ കഴിഞ്ഞ് കൊവിഡ് ടെസ്റ്റ് നെ​ഗറ്റീവാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് പാത്ര തിരികെ ​ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ, കൊവിഡില്ലെന്ന രേഖകൾ കാണിച്ചിട്ടും അം​ഗീകരിക്കാത്ത നാട്ടുകാർ യുവാവിനെ നിര്‍ബന്ധിച്ച് ക്വാറൻൈനിൽ ആക്കുകയായിരുന്നു.

വീഡിയോഗ്രാഫറായ പാത്ര മെയ് 3നാണ് ബീഹാറിലേക്ക് പോയത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇയാൾ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. നാട്ടിൽ എത്തുന്നതിന് മുമ്പ് പാത്ര സർക്കാർ അധിക‍ൃതരെ വിവരം അറിയിച്ചിരുന്നു. രോഗലക്ഷണം ഇല്ലാത്തതിനാൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന് അവർ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബെര്‍ഹാംപുരില്‍ താമസിച്ച്14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുകയും ചെയ്തു. ശേഷം ലഭിച്ച സർട്ടിഫിക്കറ്റുമായാണ് പാത്ര ഡോലാബ ​ഗ്രാമത്തിൽ എത്തിയത്. 

എന്നാൽ, ​ഗ്രാമത്തിൽ എത്തി ഏതാനും മിനിറ്റുകൾക്ക് ശേഷം പ്രാദേശിക അംഗൻവാടി തൊഴിലാളിയുടെ ഭർത്താവ് ഉൾപ്പെടെയുള്ള ഗ്രാമവാസികൾ യുവാവിന്റെ വീട്ടിലെത്തി ക്വാറൻൈനിൽ താമസിക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ, തനിക്ക് കെവിഡ് ഇല്ലെന്ന രേഖകൾ യുവാവ് കാണിച്ചെങ്കിലും അത് അം​ഗീകരിക്കാൻ അവർ തയ്യാറായില്ല. തുടർന്ന്  പാത്ര പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചു. നാട്ടുകാരുടെ തെറ്റിദ്ധാരണയാണെന്നും പാത്ര വീട്ടില്‍ കഴിഞ്ഞുകൊള്ളാനും പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു.

എന്നാൽ, പിറ്റേന്ന് പാത്രയുടെ പിതാവ് ചന്തയില്‍ പോയപ്പോള്‍ ഗ്രാമീണര്‍ വീണ്ടും വന്ന് ബഹളമുണ്ടാക്കി. വിവരമറിഞ്ഞ് പാത്രയും സ്ഥലത്തെത്തി. തുടര്‍ന്ന് ഡോലാബ സര്‍പ്പഞ്ച് വിഷയത്തില്‍ ഇടപെടുകയും പാത്രയോട് കലിംഗി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ആരിൽ നിന്നും പിന്തുണ ലഭിക്കാത്തതോടെ പാത്ര ക്വാറൻൈനിൽ പോകുകയായിരുന്നു.

കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിനുള്ളില്‍ കഴിയാന്‍ ഇയാള്‍ വിസമ്മതിച്ചു. രോഗം ഇനിയും പിടിപെടാനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു പാത്രയുടെ തീരുമാനം. ഒടുവിൽ തന്റെ കാറിൽ ക്വാറൻൈൻ കേന്ദ്രത്തിന്റെ മതിൽക്കെട്ടിനകത്ത് കഴി‍യാമെന്ന് പാത്ര അധികൃതരോട് പറയുക ആയിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

മെയ് 21 മുതൽ പാത്ര കാറില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ശുചിമുറി ഉപയോഗത്തിനുമാത്രമാണ് ഇപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത്. ഊണും ഉറക്കവുമെല്ലാം കാറിനുള്ളില്‍ തന്നെയാണെന്ന് പാത്ര പറയുന്നു.

click me!