
ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുമ്പോൾ തങ്ങളുടെ താരപ്രചാരകനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്. സദ്ഭരണത്തിന്റെ മാതൃകയായി രാജസ്ഥാനെ ഉയർത്തിക്കാട്ടാനാണ് കോൺഗ്രസിന്റെ ശ്രമം. തിങ്കളാഴ്ച ബംഗളൂരുവിലും മാംഗ്ലൂരിലും ഗെഹ്ലോട്ട് പ്രചാരണത്തിനെത്തിയിരുന്നു. രണ്ടിടത്തുമുള്ള രാജസ്ഥാനികളെ ലക്ഷ്യംവച്ചാണ് കോൺഗ്രസ് നീക്കം.
4 ലക്ഷം രാജസ്ഥാനികളാണ് കർണാടകത്തിൽ സ്ഥിരതാമസക്കാരായുള്ളത്. ഇവരിൽ ഒന്നരലക്ഷം പേരും ഇവിടെ വോട്ടുള്ളവരാണ്. സംസ്ഥാനത്തെ വോട്ടിംഗ് ശതമാനത്തിന്റെ നാല് ശതമാനം രാജസ്ഥാനികളാണെന്ന് ചുരുക്കം. അതുകൊണ്ട് ഇവരുടെ ഓരോ വോട്ടും നിർണായകമാണ്. മാർവാഡി വ്യാപാരി സമൂഹത്തെ സ്വാധീനിക്കാൻ ഗെഹ്ലോട്ടിന്റെ വരവിന് കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രാജസ്ഥാനിൽ നിന്ന് പ്രചരണത്തിനെത്തിയ ഏക കോൺഗ്രസ് നേതാവാണ് ഗെഹ്ലോട്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുവായ സച്ചിൻ പൈലറ്റിനെ കോൺഗ്രസ് കർണാടകയിലെത്തിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
രാജസ്ഥാനിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാജ്യത്ത് കോൺഗ്രസിന് ഭരണമുള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. കർണാടകയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ച രാജസ്ഥാൻ കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ രണ്ട് തവണയാണ് മോദി രാജസ്ഥാൻ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസിന് വോട്ട് ചെയ്യുകയെന്നാൽ അസ്തിരമായ സർക്കാരിന് വോട്ട് ചെയ്യുക എന്നാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാജസ്ഥാനും ഛത്തീസ്ഗഡും സൂചിപ്പിച്ചായിരുന്നു പരാമർശം.
കോൺഗ്രസിൽ മാത്രമല്ല ബിജെപിയിലും രാജസ്ഥാനിൽ ആഭ്യന്തരപ്രശ്നങ്ങളുണ്ടെന്നാണ് ഇതിനോട് ഗെഹ്ലോട്ട് തിരിച്ചടിച്ചത്. ജനവിധിയിലൂടെ അധികാരത്തിലെത്തിയ സർക്കാരിനെ അട്ടിമറിക്കലാണ് ബിജെപി മാതൃകയെന്നും അദ്ദേഹം വിമർശിച്ചു. മധ്യപ്രദേശ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. രാജസ്ഥാനിൽ ബിജെപിയുടെ പരിശ്രമം പരാജയപ്പെട്ടെന്നും ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. രാജസ്ഥാനിൽ കോൺഗ്രസിനെ താഴെയിറക്കാൻ മുടക്കിയ പണം ബിജെപിക്ക് നഷ്ടമായി എന്നാണ് അദ്ദേഹം പരിഹസിച്ചത്. "കോൺഗ്രസ് എവിടെ സർക്കാർ രൂപീകരിച്ചാലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്‌യമാക്കും, രാജസ്ഥാൻ മോഡൽ നടപ്പാക്കും," ഗെലോട്ട് പൊതുവേദിയിൽ പറഞ്ഞു.
Read Also: '50% സംവരണപരിധി 70% ആക്കി ഉയർത്തും'; മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam