
ദില്ലി: അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന സൂചനയുമായി എഐസിസി വൃത്തങ്ങൾ. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. അങ്ങനെയെങ്കിൽ രാഹുലിന്‍റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചർച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്ന് സൂചന. അതേസമയം റോബർട്ട് വദ്ര അമേഠിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തർപ്രദേശ് പിസിസി അറിയിച്ചു.
രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാൾ നെഹ്റു കുടുംബത്തിൽ നിന്ന് യുപിയിൽ മത്സരിക്കുമെന്ന് എകെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് തീരുമാനത്തിനായി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോൾ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. റോബർട്ട് വദ്ര ആയിരിക്കില്ല യുപിയിൽ മത്സരിക്കുക. അത് രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കും. രാഹുൽ കേരളത്തിന്റെ മകനാണെന്നും ആന്റണി പറഞ്ഞു.
രാഹുലോ പ്രിയങ്കയോ ഒരാൾ യുപിയിൽ മത്സരിക്കും, തീരുമാനം വരും, കാത്തിരിക്കൂ: എകെ ആൻ്റണി
എന്നാൽ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി റോബർട്ട് വദ്ര നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ബിസിനസ് ചെയ്യാൻ അനുവദിക്കുന്നില്ല. ഗാന്ധി കുടുംബത്തിൽ നിന്ന് ബിസിനസ് നടത്തുന്നതിനേക്കാൾ എളുപ്പം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണെന്നും വദ്ര അഭിപ്രായപ്പെടുന്നു. ബിജെപി തന്നെയും തൻറെ വ്യവസായങ്ങളെയും കുടുംബത്തെയും കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നുവെന്നും പാർട്ടിയുടെ അനുമതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പല മണ്ഡലങ്ങളിലുമുള്ളവർ തനിക്കായി പോസ്റ്റർ പതിക്കുന്നുവെന്നാണ് വദ്ര പറഞ്ഞത്. താൻ രാഷ്ട്രീയത്തിൽ വരുന്നത് വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ഇതിനൊക്കെ കുടുംബത്തിൻറെ അനുഗ്രഹവും അനുമതിയും വാങ്ങേണ്ടതുണ്ട്. പ്രിയങ്കയും പാർലമെൻറിൽ എത്തണമെന്നാണ് തന്റെ താൽപര്യം. പാർട്ടി അദ്ധ്യക്ഷ അടക്കം എല്ലാ പദവികൾക്കും പ്രിയങ്ക അർഹയാണ്. ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും റോബർട്ട് വദ്ര വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam