
ദില്ലി: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് ലഭിക്കുന്ന സീറ്റിലേക്ക് വനിതാ സ്ഥാനാർത്ഥിക്ക് സാധ്യത. എഐസിസി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാർ എന്നിവരെയാണ് രാജ്യസഭാ സീറ്റിലേക്ക് ഇപ്പോൾ പരിഗണിക്കുന്നത്. (Congress considering Shama Mohammed and Jyoti Vijayakumar For Rajya sabha seat)
ജയിക്കുമെന്നുറപ്പുളള രാജ്യസഭ സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. എം ലിജുവിന് രാജ്യസഭ സീറ്റ് നല്‍കണമെന്ന ആവശ്യവുമായാണ് കെ സുധാകരന്‍ ഇന്നലെ രാഹുല്‍ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയത്. എന്നാല്‍ ലിജു ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വന്‍ പ്രതിഷേധ നീക്കമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്നത്.
സോണിയാ ഗാന്ധിയുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും അനിശ്വിതത്വം തുടരുകയാണ്. കെ. സുധാകരന്‍റെ നോമിനി എം ലിജുവിനെതിരെ കെ സി വേണുഗോപാല്‍ വിഭാഗവും. എ ഗ്രൂപ്പും പടയൊരുക്കം തുടങ്ങി. ഹൈക്കമാന്‍ഡ് നോമിനിയായ ശ്രീനിവാസന്‍ കൃഷ്ൺനെതിരെയും സംസ്ഥാന കോണ്‍ഗ്രസില്‍ ശക്തമായ എതിര്‍പ്പുയരുകയാണ്.
എം ലിജു, സതീശന്‍ പാച്ചേനി, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം തുടങ്ങി തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന ആവശ്യമാണ് ഉയരുന്നത്. കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന 8 കെപിസിസി ഭാരവാഹികള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. എ ഗ്രൂപ്പും ഇതേ ആവശ്യമാണ് മുന്‍പോട്ട് വയ്ക്കുന്നത്. തോറ്റവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കെ മുരളീധരനും സോണിയാഗാന്ധിക്ക് കത്തയച്ചു.
ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയുള്ള നീക്കമാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ഡിസിസി പുനസംഘടന തര്‍ക്കത്തില്‍ കെ സി വേണുഗോപാലിനെതിരെ കെ സുധാകരനൊപ്പം നിന്നയാളാണ് കെ മുരളീധരന്‍. നിലവിലെ സാഹചര്യത്തില്‍ സുധാകരന് കടുത്ത അതൃപ്തിയുണ്ട്. തോറ്റു എന്നതുകൊണ്ട് അയോഗ്യരായി കാണേണ്ട എന്ന നിലപാടാണ് സുധാകരന്‍റേത്. അതേ സമയം ഹൈക്കമാന്‍ഡ് നോമിനി ശ്രീനിവാസന്‍ കൃഷ്ണനെതിരെയും പടയൊരുക്കം ശക്തമാണ്. സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കേണ്ടെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.