മേയറുടെ ഓഫീസിന് മുമ്പില്‍ മാലിന്യക്കൂമ്പാരം നിക്ഷേപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമെന്ന് പരാതി

By Web TeamFirst Published Jul 15, 2019, 7:40 PM IST
Highlights

കോര്‍പ്പറേഷനിലെ ഒരു കൗണ്‍സിലര്‍ മരിച്ചതിനാല്‍ കാര്യാലയത്തിന് അവധി നല്‍കിയ സമയത്താണ് ഗുഡ്ഡി ദേവി ഇവിടെ മാലിന്യങ്ങള്‍ തള്ളിയത്.

ദില്ലി: വാര്‍ഡിലെ അപൂര്‍ണമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ മേയറുടെയും കമ്മീഷണറുടെയും ഓഫീസുകള്‍ക്ക് മുമ്പില്‍ മാലിന്യക്കൂമ്പാരം  നിക്ഷേപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍. കോണ്‍ഗ്രസ് കൗണ്‍സിലറായ ഗുഡ്ഡി ദേവിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി അറിയിച്ച് ഓഫീസിന് മുമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. 

വടക്കന്‍ ദില്ലിയിലെ മല്‍ക ഗഞ്ച് വാ‍ര്‍ഡ് കൗണ്‍സിലറായ ഗുഡ്ഡി ദേവി ആദ്യം നോര്‍ത്ത് ദില്ലി മേയര്‍ അവതാര്‍ സിങിന്‍റെ കാര്യാലയത്തിന് മുമ്പില്‍ ഖരമാലിന്യങ്ങള്‍ നിക്ഷേപിച്ചു. കോര്‍പ്പറേഷനിലെ ഒരു കൗണ്‍സിലര്‍ മരിച്ചതിനാല്‍ കാര്യാലയത്തിന് അവധി നല്‍കിയ സമയത്താണ് ഗുഡ്ഡി ദേവി ഇവിടെ മാലിന്യങ്ങള്‍ തള്ളിയത്. പിന്നീട് ഇവര്‍ നോര്‍ത്ത് ദില്ലി മുന്‍സിപ്പല്‍ കമ്മീഷണറുടെ ഓഫീസിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുകയായിരുന്നു. 

വാര്‍ഡിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചതെന്നും ഗുഡ്ഡി ദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വേണ്ട നടപടികള്‍ ഇവര്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. 

click me!