
ദില്ലി:രാഹുൽ ഗാന്ധിക്കെതിരായ രാവണൻ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്സ്. ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാനാണ് കോൺഗ്രസ്സ് തീരുമാനം. കഴിഞ്ഞ ദിവസം പെരും നുണയൻ എന്ന അടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഇതിൻ്റെ മറുപടിയായാണ് ദുഷ്ട ശക്തി, ധർമ വിരുദ്ധൻ, ഭാരതത്തെ തകർക്കുന്നവൻ എന്നീ പരാമർശങ്ങളോടെ പത്തു തലയുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം ബിജെപി ട്വീറ്റ് ചെയ്തത്. ഇതിനെ വിമർശിച്ച് കോൺഗ്രസ്സ് നേതാക്കൾ രംഗത്ത് വരികയും രാഹുലിനെ ദ്രോഹിക്കാൻ ബിജെപി ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
അതിനിടെ അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ മൂന്ന് ദിവസം തങ്ങി സേവനം ചെയ്ത് രാഹുൽ ഗാന്ധി. ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിൻറെ സുവർണ്ണ ക്ഷേത്ര സന്ദർശനം നടത്തിയത്. 1984 ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ കോൺഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകല്ചയ്ക്ക് ഇടയാക്കിയിരുന്നു. തീവ്രവാദികളെ നേരിടാൻ സ്വീകരിച്ച നടപടി ആയിരുന്നെങ്കിലും സിഖ് മത വിശ്വാസികളിൽ ഇത് വലിയ മുറിവുണ്ടാക്കി. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി രാഹുൽ ഗാന്ധി പഞ്ചാബിൽ തങ്ങിയത്.
. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകൾ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിൻറെ നീക്കം. സ്ഥലം എംപി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് രാഹുൽ സുവർണ്ണ ക്ഷേത്രത്തിൽ സേവനത്തിന് എത്തിയത്. ഭാരത് ജോഡോ യാത്രയ്ക്കു രാഹുൽ സമൂഹത്തിൻറെ വിവിധ വിഭാഗങ്ങളിലേക്കിറങ്ങി ചെല്ലാൻ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണിത്. രാഹുലിൻറെ സന്ദർശനത്തെ ബിജെപി പരിഹസിച്ചു. മുത്തശ്ശി വെടിയുണ്ടകൾ ഉതിർക്കാൻ ഉത്തരവിട്ടപ്പോൾ കൊച്ചുമകൻ സേവ ചെയ്യുന്നുവെന്നും ഇതാണോ സ്നേഹത്തിന്‍റെ കട എന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam