അജയ് മിശ്ര മന്ത്രിസ്ഥാനത്ത് വേണ്ട, ലഖീംപൂരിൽ കൂടുതൽ അന്വേഷണം വേണം; കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു

By Web TeamFirst Published Oct 13, 2021, 1:20 PM IST
Highlights

ലഖിംപൂരിലെ കർഷകരുടെ കൊലപാതകത്തില്‍ സർക്കാരിന് മേലുള്ള സമ്മർദ്ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ് . മകനെതിരെ കൊലപാതക കേസില്‍ അന്വേഷണം നടക്കുമ്പോള്‍ അച്ഛൻ മന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാര്‍മിക പ്രശ്നമാണ് കോണ്‍ഗ്രസ് ഉയർത്തുന്നത്. 

ദില്ലി: കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു. ലഖീംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട്  സിറ്റിങ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം  ആവശ്യപ്പെട്ടു. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ലഖിംപൂരിലെ കർഷകരുടെ കൊലപാതകത്തില്‍ സർക്കാരിന് മേലുള്ള സമ്മർദ്ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ് . മകനെതിരെ കൊലപാതക കേസില്‍ അന്വേഷണം നടക്കുമ്പോള്‍ അച്ഛൻ മന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാര്‍മിക പ്രശ്നമാണ് കോണ്‍ഗ്രസ് ഉയർത്തുന്നത്. അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തുടരുന്പോള്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ല. രാജിവെക്കാത്ത സാഹചര്യത്തില്‍   അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ തയ്യാറാകണമെന്ന് പ്രതിനിധി സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. 

ലഖീംപൂര്‍ സംഭവത്തില്‍ മന്ത്രി അജയ് മിശ്രയുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം സർക്കാരിനെ അറിയിക്കാമെന്ന് രാഷ്ട്രപതി പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.  ലഖീംപൂർ സംഭവത്തിലെ കോണ്‍ഗ്രസിന്‍റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും പ്രതിനിധി സംഘം രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ അജയ് മിശ്രയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയുടേത്. മന്ത്രിയുടെ  രാജിക്കാര്യത്തിലെ തീരുമാനം പാർട്ടി പ്രധാനമന്ത്രിക്ക് വിട്ടു. ഇന്നലെ ചേർന്ന് ബിജെപി ഉന്നതതലയോഗവും വിഷയം ചർച്ച ചെയ്തിരുന്നു. അടുത്തയാഴ്ച കോടതി എന്തു നിലപാട് എടുക്കും എന്നു കൂടി നോക്കിയാവും അന്തിമ തീരുമാനം.


 

click me!