കർണ്ണാടകത്തിൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

By Web TeamFirst Published Jun 19, 2019, 5:17 PM IST
Highlights

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്

ബെംഗലുരു: കോൺഗ്രസ് കർണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. പിസിസി പ്രസിഡന്റായി ദിനേശ് ഗുണ്ടുറാവുവിനെയും വർക്കിംഗ് പ്രസിഡന്റായി ഈശ്വർ.ബി.ഖാന്ദ്രേയും നിലനിർത്തിക്കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്.

കർണ്ണാടകയിൽ സഖ്യ സർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കർണ്ണാടക പി.സി.സിയെ പിരിച്ച് വിട്ടത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാൻ രാഹുൽ ഗാന്ധിയോട് അവശ്യപ്പെട്ടിരുന്നെന്ന് ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു.

സഖ്യ സർക്കാരിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായുള്ള സൂചനകൾ കഴിഞ്ഞ ദിവസം കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ വാക്കുകളിലുണ്ടായിരുന്നു. സ‌ർക്കാരിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനായി തന്റെ വിഷമതകൾ ഉള്ളിലൊതുക്കുകയാണെന്നാണ് കുമാരസ്വാമി പറഞ്ഞത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ദൾ സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. 28 സീറ്റിൽ 25 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്.

click me!