
ദില്ലി: ദില്ലിയിൽ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും നേതാക്കളുടെ രാജി. മുന്‍ എംഎല്‍എമാരായ നീരജ് ബസോയ, നസീബ് സിംഗ് എന്നിവരാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. ആംആദ്മി പാർട്ടിയുമായുള്ള കോൺഗ്രസ് സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിശദീകരണം. ദില്ലി കോൺഗ്രസ് അധ്യക്ഷനായിരുന്ന അര്‍വിന്ദര്‍ സിംഗ് ലൗലിയോട് പാര്‍ട്ടി കാണിച്ച അനീതിയില്‍ പ്രതിഷേധിച്ചാണ് രാജി എന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അര്‍വിന്ദര്‍ സിംഗ് ലൗലി പാര്‍ട്ടി അധ്യക്ഷ പദവി ഒഴിഞ്ഞത്. അര്‍വിന്ദര്‍ സിംഗ് ലൗലി പദവി ഒഴിഞ്ഞതോടെ കോൺഗ്രസ് ദേവേന്ദർ യാദവിനെ ദില്ലി ഇടക്കാല പ്രസിഡന്‍റായി നിയമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജികൾ പുറത്തുവന്നത്.
ലൗലിയുടെ അടുത്ത അനുയായികളാണ് നീരജ് ബസോയയും നസീബ് സിംഗും. 2008 മുതൽ 2013 വരെ കസ്തുഡബ നഗർ എംഎൽഎ ആയിരുന്നു നീരജ് ബസോയ. 1998 മുതൽ 2013 വിശ്വാസ് നഗറിൽ നിന്നുള്ള എംഎൽഎ ആയിരുന്നു നസീബ് സിംഗ്. ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിംഗ്. കോൺഗ്രസ് വിട്ട നേതാക്കള്‍ ബിജെപിയിലേക്ക് പോകും എന്ന സൂചനയാണ് പുറത്ത് വരുന്നത്. ഇരുവര്‍ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിരീക്ഷക ചുമതലയുമുണ്ടായിരുന്നു. നസീബ് സിംഗിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയുടെയും നീരജ് ബസോയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റെയും ചുമതലയാണുള്ളത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉന്നത സ്ഥാനത്തിരിക്കുന്ന നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ദില്ലിയിൽ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കനയ്യ കുമാര്‍, ഉദിത് രാജ് തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം തുടരുകയാണ്. എത്രയും വേഗം ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എഎപിയുമായി സഖ്യം ഉണ്ടാക്കിയതില്‍ നേതാക്കള്‍ നിരന്തരം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് ഇൻഡ്യ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അതേസമയം നേതാക്കളുടെ രാജി കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്.
Read More : ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam