
ദില്ലി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നീക്കവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് ഫലസൂചനകൾ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. നേരത്തെ, കമ്മീഷനെതിരെ കോൺഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു.
കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും ജയറാം രമേശ് പ്രതികരിച്ചിരുന്നു. അതേസമയം, തോൽക്കുമ്പോൾ വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നത് കോൺഗ്രസിൻ്റെ പതിവ് പല്ലവിയെന്നാണ് ബിജെപിയുടെ പ്രതികരണം. രാഹുലിൻ്റെ ജാതി സെൻസെസ് ബൂമറാങ്ങായെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
അതേസമയം, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ നിർണായക നീക്കവുമായി ബിജെപി രംഗത്തെത്തി. ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കൾ. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങൾ നിരാശയിലായിരുന്നു. ഹരിയാനയിൽ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കൾ പറഞ്ഞിരുന്നതും. അതിനിടയിലാണ് വീണുകിട്ടിയ അവസരമെന്ന നിലയിൽ ഹരിയാനയിലെ ഫലം മാറിമറിയുന്നത്. കോൺഗ്രസിനെ മലയത്തിയടിച്ച് ബിജെപി മുന്നേറുകയായിരുന്നു. ഈ ഫലം മുൻ നിർത്തി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് സർക്കാർ രൂപീകരണത്തിനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് ബിജെപി.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്നിരിക്കുകയാണ് കോൺഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോൺഗ്രസ് ആഘോഷങ്ങൾ നിർത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോൺഗ്രസ് നിർത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകൾ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിൽ പിന്നോട്ട് പോയതോടെ കോൺഗ്രസ് ക്യാമ്പിലും ആശങ്ക പടർന്നു.
രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോൺഗ്രസ് ക്യാമ്പിൽ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉൾപ്പെടെ വിതരണം ചെയ്ത് കോൺഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാൽ, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിർത്തിവെച്ചു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിർത്തിവെച്ചു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam