
ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ നയത്തിൽ നിർണ്ണായക മാറ്റവുമായി സംസ്ഥാന സർക്കാർ. 2022-ൽ ബിജെപി സർക്കാർ കൊണ്ടുവന്ന യൂണിഫോം നിയന്ത്രണ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബുധനാഴ്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ്, പൂണൂൽ തുടങ്ങിയ മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടാകും.
പുതിയ ഉത്തരവ് പ്രകാരം കർണാടകയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും യൂണിഫോം നിർബന്ധമായി തുടരും. എന്നാൽ യൂണിഫോമിന് തടസമാകാത്ത രീതിയിൽ ഹിജാബ്, ജനിവാര (പൂണൂൽ), ശിവധാര, രുദ്രാക്ഷം തുടങ്ങിയ പരമ്പരാഗത ചിഹ്നങ്ങൾ ധരിക്കാം. അതേസമയം, കാവി ഷാൾ ധരിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. കാവി ഷാൾ മതപരമായ ആചാരത്തിന്‍റെ ഭാഗമല്ലെന്ന നിലപാടിലാണ് സർക്കാർ. ഇത്തരം ചിഹ്നങ്ങൾ ധരിക്കുന്നതിന്‍റെ പേരിൽ ഒരു വിദ്യാർത്ഥിക്കും ക്ലാസ് മുറികളിലോ പരീക്ഷാ ഹാളിലോ പ്രവേശനം നിഷേധിക്കരുതെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നു.
മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ ആരെയും നിർബന്ധിക്കാനോ, ധരിക്കുന്നവരെ തടയാനോ പാടില്ലെന്ന് സർക്കാർ ഓർമ്മിപ്പിച്ചു. വിവേചനരഹിതവും മതേതരവുമായ രീതിയിലായിരിക്കണം ഈ നയം നടപ്പിലാക്കേണ്ടത്. 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ 'ഇവ നമ്മവ' (ഇവർ നമ്മുടേതാണ്) എന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ചിന്താഗതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്തുടരണമെന്നും ഉത്തരവ് നിർദ്ദേശിക്കുന്നു. മുൻപുണ്ടായിരുന്ന എല്ലാ വിരുദ്ധ ഉത്തരവുകളും ഇതോടെ റദ്ദാക്കപ്പെട്ടു. വിപുലമായ രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾക്ക് വഴിവെച്ച ഹിജാബ് വിഷയത്തിൽ ഈ പുതിയ തീരുമാനം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam