
ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ 'സ്ഥാനാർത്ഥിത്വം' പ്രഖ്യാപിച്ച് യു പി കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി എ ഐ സി സി. ഉത്തർ പ്രദേശ് പി സി സി അധ്യക്ഷൻ അജയ് റായ് പറഞ്ഞത് അദ്ദേഹത്തിന്‍റെ ആഗ്രഹമായിരിക്കുമെന്നാണ് എ ഐ സി സി പ്രതികരിച്ചത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്നും എ ഐ സി സി അറിയിച്ചു. യു പി അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എ ഐ സി സി ചൂണ്ടികാട്ടി. എന്നാൽ അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എ ഐ സി സി വിവരിച്ചിട്ടുണ്ട്.
വാരണാസിയിൽ മോദിയെ നേരിടാൻ പ്രിയങ്ക ഗാന്ധി കന്നിപോരിന് ഇറങ്ങുമോ? കോൺഗ്രസ് യു പി അധ്യക്ഷന്‍റെ മറുപടി
അതേസമയം ഉത്തർ പ്രദേശിലെ കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് അജയ് റായ് രാഹുൽ ഗാന്ധിയാകും 2024 ലും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് അഭിപ്രായപ്പെട്ടത്. പ്രിയങ്കാ ഗാന്ധിയുടെ കാര്യത്തിലും യു പി കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായം പങ്കുവച്ചിരുന്നു. യു പിയില്‍ എവിടെ മത്സരിക്കാൻ താല്‍പ്പര്യപ്പെട്ടാലും പ്രിയങ്കയെ വിജയിപ്പിക്കുമെന്നാണ് അജയ് റായ് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാൻ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി ഇറങ്ങുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പി സി സി അധ്യക്ഷന്‍റെ മറുപടി.
2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലുമാണ് മത്സരിച്ചത്. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് മുന്നിൽ രാഹുൽ ഗാന്ധി പരാജയപ്പെടുകയായിരുന്നു. വയനാട്ടിലാകട്ടെ ചരിത്ര വിജയവും സ്വന്തമാക്കി. വീണ്ടും തെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുമ്പോൾ രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിലാകും മത്സരിക്കുകയെന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ചകൾ സജീവമാകുകയാണെന്നാണ് യു പി കോൺഗ്രസ് അധ്യക്ഷന്‍റെ വാക്കുകളും എ ഐ സി സിയുടെ പ്രതികരണവും വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam