കഴിഞ്ഞ രണ്ട് തവണയും ബി ജെ പിയെ അധികാരത്തിലേറ്റുന്നതിൽ നിർണായക ശക്തിയായതും യു പിയുടെ വമ്പൻ ജയമായിരുന്നു. അതുകൊണ്ടുതന്നെ യു പിയിൽ വലിയ തന്ത്രങ്ങൾക്കും പരീക്ഷണങ്ങൾക്കുമാകും ഇക്കുറിയും മുന്നണികൾ ശ്രമിക്കുക

ലഖ്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യും ഏറ്റവും പ്രധാനമായി കണ്ണുവയ്ക്കുന്നത് ഉത്തർ പ്രദേശിലാണ്. ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ എം പിമാരെ സമ്മാനിക്കുന്ന സംസ്ഥാനത്ത് വലിയ വിജയം നേടാനായാൽ രാജ്യ ഭരണം സ്വന്തമാക്കാം എന്നതാണ് പ്രധാന കാരണം. കഴിഞ്ഞ രണ്ട് തവണയും ബി ജെ പിയെ അധികാരത്തിലേറ്റുന്നതിൽ നിർണായക ശക്തിയായതും യു പിയുടെ വമ്പൻ ജയമായിരുന്നു. അതുകൊണ്ടുതന്നെ യു പിയിൽ വലിയ തന്ത്രങ്ങൾക്കും പരീക്ഷണങ്ങൾക്കുമാകും ഇക്കുറിയും മുന്നണികൾ ശ്രമിക്കുക. അതിനിടയിലാണ് സംസ്ഥാനത്തെ സംഘടന സംവിധാനം ശക്തമാക്കാനായി കോൺഗ്രസ് പുതിയ അധ്യക്ഷനെ നിയോഗിച്ചത്. ഉത്തർപ്രദേശിലെ കോൺഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ അജയ് റായ് തന്‍റെ ആഗ്രഹങ്ങളും തന്ത്രങ്ങളും വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.

അപ്രതീക്ഷിതം! ഞെട്ടിച്ച് ബിജെപി, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ 2 സംസ്ഥാനത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

യു പിയിലെ പുതിയ പി സി സി അധ്യക്ഷനായി സ്ഥാനമേറ്റ അജയ് റായ് ഏറ്റവും പ്രധാനമായി പറഞ്ഞത് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കാര്യമാണ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നാണ് യു പി പി സി സി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടത്. പ്രിയങ്കയുടെ കാര്യത്തിൽ യു പിയില്‍ എവിടെ മത്സരിക്കാൻ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നാണ് അജയ് റായ് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാൻ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി ഇറങ്ങുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എവിടെ മത്സരിച്ചാലും അവർ ജയിക്കുമെന്നും പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

അതേസമയം യു പി അധ്യക്ഷന്‍റെ രാഹുലിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനം ചർച്ചയായതോടെ പ്രതികരണവുമായി എ ഐ സി സി രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് എ ഐ സി സി അറിയിച്ചത്. യുപി അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എ ഐ സി സി ചൂണ്ടികാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം