
ദില്ലി: രാഹുൽ ഗാന്ധി രാജിവച്ച സാഹചര്യത്തിൽ പുതിയ അധ്യക്ഷ പദവിയിലേക്ക് പകരം ആരെന്ന ചര്‍ച്ച പോലും തുടങ്ങി വക്കാൻ കഴിയാതെ ദേശീയ കോൺഗ്രസ് നേതൃത്വം. കര്‍ണ്ണാടകയിൽ പ്രതിസന്ധി കനത്തതോടെ നേതാക്കളുടെ മുഴുവൻ ശ്രദ്ധയും അവിടേക്ക് തിരിഞ്ഞതോടെയാണ് ചര്‍ച്ചകൾ വഴി മുട്ടിയത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരിച്ചെത്തിയ ശേഷം മാത്രമെ പ്രവര്‍ത്തക സമിതി പോലും ചേരാനിടയുള്ളു എന്നാണ് വിവരം.
ഇന്ന് വൈകീട്ടോടെ കോൺഗ്രസ് അധ്യക്ഷനെ കുറിച്ചുള്ള അനൗപചാരിക ചര്‍ച്ച തുടങ്ങാനും ബുധനാഴ്ചയോടെ പ്രവര്‍ത്തക സമിതി ചേരും എന്നുമായിരുന്നു അറിയിച്ചിരുന്നത്. പ്രവര്‍ത്തസമിതിയില്‍ തീരുമാനം ഉണ്ടാകണമെന്ന നിര്‍ദ്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയിരുന്നതും. എന്നാൽ ഞായറാഴ്ച ചില മുതിര്‍ന്ന നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നതൊഴിച്ചാല്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.
അതേസമയം അധ്യക്ഷ സ്ഥാനത്തെ ചൊല്ലി നേതാക്കൾക്കിടയിൽ കടുത്ത ആശയ ഭിന്നതയ്ക്കിടെ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ചര്‍ച്ചകളിൽ ഭാഗമാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഈയാഴ്ച രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വിദേശത്തേക്ക് പോകുമെന്ന് സൂചനയുണ്ട്. അമേരിക്കയിൽ ചികിത്സയില്‍ കഴിയുന്ന റോബര്‍ട്ട് വാദ്രയെ സന്ദര്‍ശിച്ച് എപ്പോള്‍ മടങ്ങുമെന്ന് വ്യക്തമല്ല. പ്രിയങ്ക ഗാന്ധിയും അമേരിക്കയിലാണ് ഉള്ളത്.
അഹമ്മദ് പട്ടേലുള്‍പ്പടെ എഐസിസിയിലെ പ്രബല വിഭാഗം മല്ലികാര്‍ജ്ജുന ഖാര്‍ഗയെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്ന നിലപാടിലാണ്. യുവ നേതൃത്വം വേണമെന്ന നിലപാടിലുറച്ചാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സച്ചിന്‍ പൈലറ്റിനുവേണ്ടിയാണ് വാദം. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയും ശക്തമായി രംഗത്തുണ്ടെന്നാണ് വിവരം.
ഇതിനിടെ പാര്‍ട്ടിയുടെ നിര്‍ണ്ണായക ചുമതലകളില്‍ നിന്ന് ഇനിയും രാജിയുണ്ടായേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. യുപിയിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജ്യോതിരാദിത്യ സിന്ധ്യ രാജി വച്ചതിന് പിന്നാലെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയും രാജി വയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam