സഞ്ജീവ് ഭട്ടിന് നിയമസഹായം നല്‍കുമെന്ന് കത്വ കേസ് അഭിഭാഷക

By Web TeamFirst Published Jul 8, 2019, 4:06 PM IST
Highlights

കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിയമ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് അഭിഭാഷകയായ ദീപിക സിങ് രജാവത്ത്.

മുംബൈ: കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിയമ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് അഭിഭാഷകയായ ദീപിക സിങ് രജാവത്ത്. കത്വ കേസില്‍ പ്രതികള്‍ക്കെതിരെ ഹാജരായ അഭിഭാഷകയാണ് ദീപിക സിങ്.  കത്വ കേസ് വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റുന്നതിന് നിര്‍ണായക പങ്കുവഹിച്ചത് ദീപികയായിയിരുന്നു.

സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ടിനെയും മകന്‍ ശാന്തനു ഭട്ടിനെയും കണ്ട ശേഷമായിരുന്നു ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. രേഖകള്‍ പരിശോധിക്കാ‍ന്‍ അഹമ്മദാബാദിലേക്ക് പോകുമെന്നും അവര്‍ അറിയിച്ചു. സഞ്ജീവ് ഭട്ടിന്‍റെ കേസുമായി ബന്ധപ്പെട്ട് വിജയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. എന്നാല്‍ ഭട്ടിന് അനുകൂലമായ രേഖകളില്‍ ചിലത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് കണ്ടെത്താനാണ് അഹമ്മദാബാദിലേക്ക് പോകുന്നതെന്നും അവര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഞ്ജീവ് ഭട്ടിന്റെ നീതിക്കായി പോരാടാൻ ഭയമില്ല. അമിത് ഷാ കേന്ദ്ര ആഭ്യന്തമന്ത്രിയാണെന്നത് അതിന് തടസമല്ല. ജയിലായിട്ടുപോലും സഞ്ജീവ് ഭട്ട് പീഡനങ്ങൾ നേരിടുന്നുണ്ട്. കോടതി വിധി പ്രകാരം കുടുംബത്തിന് നല്‍കേണ്ട സുരക്ഷ പോലും നിഷേധിച്ചിരിക്കുകയാണെന്നും കേസ് പഠിച്ച ശേഷം അപ്പീല്‍ നല്‍കുമെന്നും ദീപിക പറഞ്ഞു. 

click me!