രാജസ്ഥാനില്‍ ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ ബിജെപിയോട് 'കൈകോര്‍ത്ത്' കോണ്‍ഗ്രസ്

By Web TeamFirst Published Dec 11, 2020, 2:47 PM IST
Highlights

കോണ്‍ഗ്രസിന്റെ പിന്തുണയോടെ ബിടിപി ബോര്‍ഡ് രൂപീകരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
 

ജയ്പുര്‍: രാജസ്ഥാനിലെ ഡൂംഗര്‍പുരില്‍ ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ ബിജെപിയോടൊപ്പം കൈകോര്‍ത്ത് കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ത്ഥി സൂര്യ അഹാരിയാണ് കോണ്‍ഗ്രസ് പിന്തുണയോടെ ജില്ലാ പ്രമുഖായി തെരഞ്ഞെടുക്കപ്പെട്ടത്. 27 സീറ്റുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയെ(ബിടിപി) 13 സീറ്റില്‍ വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പിന്തുണച്ചു. ബിജെപി എട്ട് സീറ്റും കോണ്‍ഗ്രസ് ആറ് സീറ്റും നേടി. എംപിയില്ലാത്തതിനാല്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാവില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി സ്വതന്ത്രരെ രംഗത്തിറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 27ല്‍ 13 സീറ്റില്‍ അവര്‍ക്ക് ജയിക്കാനും സാധിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ബിടിപി ബോര്‍ഡ് രൂപീകരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ബിജെപിയെ പിന്തുണക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ തീരുമാനിച്ചത്. ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണച്ചതോടെ ബിജെപി സ്ഥാനാര്‍ത്ഥി അഹാരി 14 വോട്ട് നേടി. ബിടിപി പിന്തുണച്ച പാര്‍വതി ദേവി 13 വോട്ടും നേടി. ബിജെപിയുമായുള്ള സഖ്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. നേതൃത്വം അറിയാതെയാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

എന്നാല്‍ സഖ്യത്തില്‍ തെറ്റൊന്നും കാണുന്നില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. രാജ്യസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തവണത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനുമൊപ്പം അടിയുറച്ച് നിന്ന പാര്‍ട്ടിയാണ് ബിടിപി. ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി ചേര്‍ന്നത് അവരെ ഞെട്ടിച്ചിട്ടുണ്ട്.  കോണ്‍ഗ്രസുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു.
 

click me!