​Goa election result 2022:​​ റിസോർട്ടിൽ ആശ്വാസം ; ഗോവയിൽ കോൺ​​ഗ്രസിന് മുൻതൂക്കം

Web Desk   | Asianet News
Published : Mar 10, 2022, 08:53 AM ISTUpdated : Mar 10, 2022, 09:27 AM IST
​Goa election result 2022:​​  റിസോർട്ടിൽ ആശ്വാസം ; ഗോവയിൽ കോൺ​​ഗ്രസിന് മുൻതൂക്കം

Synopsis

Assembly election 2022 : ത‌ൃണമൂൽ കോൺ​ഗ്രസ് നാല് സീറ്റിലും ലീഡ്ചെയ്യുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ മനോഹർ പരീക്കരിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ ലീഡ് ചെയ്യുകയാണ്.

ഗോവ: ഫല സൂചനകൾ പുറത്തു വരുമ്പോൾ ​ഗോവയിൽ (GOA)കോൺ​ഗ്രസ് (congress)മുന്നിലാണ്(leading). പാർട്ടി നേതൃത്വത്തിന് ആശ്വാസകരമായ വാർത്തകളാണ്. 40ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 19  സീറ്റിലാണ് കോൺ​ഗ്രസ് ലീഡ് . 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ത‌ൃണമൂൽ കോൺ​ഗ്രസ് നാല് സീറ്റിലും ലീഡ്ചെയ്യുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ മനോഹർ പരീക്കരിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ ഇപ്പോൾ പിന്നിലാണ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ ലീഡ് നേടിയിരുന്ന ഉത്പൽ പരീക്കർ ആണ‌് ഇപ്പോൾ പിന്നിലായത്. ബിജെപിയുടെ മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ ലീഡ് മാറി മറിയുകാണ്. ഇപ്പോൾ 328 വോട്ടുകൾക്ക് പിന്നിലാണ്. 

ഇതിനിടെ കോൺ​ഗ്രസ് സ്ഥാനാർഥികളിൽ പിടിമുറുക്കിയിരിക്കുകയാണ് . മുൻകാല ചരിത്രം ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കമാണിത്. കോൺ​ഗ്രസ് സ്ഥാനാർഥികളെ ദക്ഷിണ ഗോവയിലെ റിസോർട്ടിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വടക്കൻ ഗോവയിലെ ഒരു റിസോർട്ടിലായിരുന്നു സ്ഥാനാർഥികൾ. ഇവരെ നിയന്ത്രിക്കാനും ഏറ്റവും വലിയ ഒറ്റകക്ഷിയാൽ ഭരണത്തിലേറാനുമുള്ള നടപടികൾ ഏകോപിപ്പിക്കാൻ ​ഹൈക്കമാണ്ട് ഒരു സംഘത്തെ ഗോവയിലേക്ക് അയച്ചിരുന്നു. കർണാടകയിലെ ഡി കെ ശിവകുമാറിനേയും ആറം​ഗ സംഘത്തേയുമാണ് ​ഗോവയിലെ കോൺ​ഗ്രസിനെ നിയന്ത്രിക്കാൻ ഹൈക്കമാണ്ട് രം​ഗത്തിറക്കിയത്. ഇതിനിടെ ഗവർണറെ കാണാൻ കോൺ​ഗ്രസ് അനുമതി തേടി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കാണാൻ ആണ് അനുമതി ചോ​‌ദിച്ചിട്ടുള്ളത്. ​ഗോവയിൽ അത്രയധികം ആത്മവിശ്വാസത്തിലാണ് കോൺ​ഗ്രസ് നേതൃത്വം

2017ലെ തെരെഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 സീറ്റ് നേടി കോൺ​ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാൽ ചെറു പാർട്ടികളുടെ അടക്കം പിന്തുണ നേടാൻ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സർക്കാർ ഉണ്ടാക്കി. അതിനുശേഷം രണ്ട് വർഷം കഴിഞ്ഞ് കോൺ​ഗ്രസിലെ 15 എം എൽ എമാർ ബി ജെ പിയിൽ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോൺ​ഗ്രസ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്

ഈ സാഹചര്യം മുന്നിലുള്ളതുകൊണ്ടാണ് കോൺ​ഗ്രസ് സ്ഥാനാർഥികൾക്കു മേൽ നിയന്ത്രണം കടുപ്പിച്ചത്. കൂറുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം തന്നെ സ്ഥാനാർഥികളെ റിസോർട്ടുകളിലേക്ക് മാറ്റി. തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റ കക്ഷി ആയാൽ മറ്റ് ചെറുകക്ഷികളുടെ പിന്തുണ അടക്കം തേടി സർക്കാർ ഉണ്ടാക്കിയ ശേഷമേ ഡി കെ ശിവകുമാറും സംഘവും മടങ്ങുകയുള്ളൂ.

​ഗോവയിലെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും വ്യക്തമായി വിജയം പാർട്ടിക്ക് നൽകുമെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു . സർക്കാരുണ്ടാക്കുമെന്നാണ് ഡി കെ ശിവകുമാറും അവകാശപ്പെടുന്നത്. ആം ആദ്മി പാർട്ടി അടക്കമുള്ള കക്ഷികളുമായി ഹൈക്കമാണ്ട് നിയോ​ഗിച്ച നേതൃത്വം ചർച്ച നടത്തുന്നുണ്ട്. 

കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബിജെപി ഇത്തവണ നിലപാട് മെച്ചപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ്. ഭരണ വിരു​ദ്ധ വികാരം ബി ജെ പി നേരിടുന്ന വെല്ലുവിളി ആണ് . മുൻ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ മനോഹർ പരീക്കരിന്റെ മകൻ ഉത്പൽ പരീക്കറിന്റെ വിമത സ്ഥാനാർഥിത്വവും ബി ജെ പിക്ക് തലവേദനയാണ്.ന്യൂനപക്ഷ വോട്ടുകൾ തിരിച്ചടിയാകുമെന്ന് കണ്ട് ഭൂരിപക്ഷത്തെ ഒപ്പം നിർത്താൻ ബി ജെ പി കിണഞ്ഞ് പരിശ്രമിച്ചിരുന്നു.കേവല ഭൂരിപക്ഷം ആർക്കും കിട്ടാതെ വന്നാൽ ചെറു പാർട്ടികളുമായി ചേർന്ന് വീണ്ടും അധികാരത്തിലെത്താനാകുമോ എന്ന ചർച്ചകൾ ബിജെപിയിലും സജീവമാണ്.

ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാമെന്ന പ്രവചനവുമുണ്ട്.


ആരാകും ഗോവയിലെ മുഖ്യമന്ത്രി?

സാവന്ദോ കാമത്തോ?

എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത് വന്ന് കഴിഞ്ഞപ്പോൾ ഗോവയിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ഭൂരിപക്ഷവും പ്രവചിച്ചത്. കോൺഗ്രസിനും ബിജെപിക്കും സർക്കാരുണ്ടാക്കാൻ ഒരു പോലെ സാധ്യത. അങ്ങനെയെങ്കിൽ ആരാകും മുഖ്യമന്ത്രിയാവുക? എന്തൊക്കെയാണ് സാധ്യതകൾ?

1. പ്രമോദ് സാവന്ദ്.

2017ൽ എറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ നോക്ക്കുത്തിയാക്കി അധികാരം പിടിച്ചവരാണ് ബിജെപി.ഇത്തവണയും അധികാരം പിടിച്ചാൽ പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയാകാനാണ് ഏറ്റവും സാധ്യത. മുഖ്യമന്ത്രിസ്ഥാനാർഥിയായി അദ്ദേഹത്തെ പ്രചാരണകാലത്ത് ബിജെപി ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. ആർഎസ്എസ് പശ്ചാത്തലം,കേന്ദ്രനേതൃത്വവുമായുള്ള അടുപ്പം അങ്ങനെ പലതരത്തിൽ അദ്ദേഹം പാർട്ടിക്ക് യോഗ്യനാണ്. 

2. വിശ്വജിത്ത് റാണെ 

കാര്യങ്ങൾ പ്രമോദ് സാവന്ദിന് അത്ര എളുപ്പമെന്ന് പറയാനാകില്ല.നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരട് വലി നേരത്തെ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസുകാരനായിരുന്ന വിശ്വജിത്ത് ഗോവയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിംഗ് റാണയുടെ മകനാണ്. ബിജെപിയിലേക്ക് കൂറ്മാറിയെത്തിയ വിശ്വത്തിന്‍റെ സമ്മർദം കൊണ്ട് കൂടിയാണ് ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അച്ഛൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നത്. മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ സർക്കാരുണ്ടാക്കാനാകില്ലെന്ന ഘട്ടം വന്നാൽ സ‍ർവ സമ്മതനായി വിശ്വജിത്ത് മാറിയേക്കും

3. ദിഗംബർ കാമത്ത്

കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനാർഥിയെ മുന്നോട്ട് വച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിനെ നയിച്ചത് ദിഗംബർ കാമത്താണ്.കോൺഗ്രസിൽ കൂറ് മാറാതെ ശേഷിച്ച രണ്ട് എംഎൽഎമാരിൽ ഒരാൾ , മത്സരിച്ചവരിൽ ഏറ്റവും സീനിയർ,മുൻ മുഖ്യമന്ത്രി അങ്ങനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോൺഗ്രസ് ആദ്യം മുന്നോട്ട് വയ്ക്കുക ദിഗംബർ കാമത്തിന്‍റെ പേര് തന്നെയാവും. 

4. മൈക്കൾ ലോബോ

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് മന്ത്രി മൈക്കൾ ലോബോയുടെ കോൺഗ്രസിലേക്കുള്ള കൂറ് മാറ്റം. ബിജെപിക്ക് കരുത്തുള്ള വടക്കൻ ഗോവയിലെ കരുത്തരിൽ കരുത്തൻ. ഭാര്യയ്ക്ക് സീറ്റ് നൽകാത്തതാണ് ചൊടിപ്പിച്ചത്. കോൺഗ്രസ് അത് നൽകിയതോടെ പാർട്ടി വിട്ടു. അധികാരം കിട്ടിയാൽ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു മൈക്കൾ ലോബോ. എംഎൽഎമാരുമായും സഖ്യത്തിലുള്ള ഗോവാ ഫോർവേഡ് പാർട്ടിയുമായും പിന്തുണ തേടി ആശയ വിനിമയം നടത്തിയതായാണ് വിവരം.

5. സുധിൻ ധാവലിക്കർ

മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടി(എംജിപി)യുടെ നേതാവ്. ഗോവയിലെ ആദ്യത്തെ മുഖ്യയടക്കം ഉണ്ടായിരുന്ന പാർട്ടിയാണ്. പക്ഷെ ഇന്ന് നില പരിതാപകരമാണ്. ബിജെപി സഖ്യം അവസാനിപ്പിച്ച് ഇത്തവണ തൃണമൂലിനൊപ്പമാണ്. കഴിഞ്ഞ തവണ ബിജെപിയെ സർക്കാരുണ്ടാക്കാൻ സഹായിച്ചതിന് ഉപമുഖ്യമന്ത്രി പദം ലഭിച്ചതാണ്. പക്ഷെ ഒപ്പമുണ്ടായിരുന്ന രണ്ട് എംഎൽഎമാരെ ഒപ്പം കൂട്ടി ബിജെപി കറിവേപ്പില പോലെ കളഞ്ഞു. ഇത്തവണ ബിജെപിയെ സഹായിക്കില്ലെന്ന് പാർട്ടി പ്രഖ്യാപിച്ച് കഴിഞ്ഞു. തൂക്ക് സഭയെങ്കിൽ കോൺഗ്രസിന് മുന്നിൽ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കും . അതിന് തൃണമൂലിൽ നിന്ന് പിന്തുണ കിട്ടുമോ എന്നും അറിയണം. 

6.  ചർച്ചിൽ അലമാവോ

രണ്ടോ മൂന്നോ സീറ്റിൽ തൃണമൂൽ ഒതുങ്ങുമെന്നാണ് പ്രവചനം. അതിൽ പാർട്ടിക്കുള്ള ഉറപ്പുള്ള സ്ഥാനാർഥിയാണ് ചർച്ചിൽ അലമാവോ.അതുകൊണ്ട് കേവല ഭൂരിപക്ഷത്തിലെത്താൻ സഹായം തേടുന്നവർക്ക് മുന്നിൽ തൃണമൂൽ അലമാവോയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. 1990ൽ ഒരുവട്ടം മുഖ്യമന്ത്രി കസേരയിൽ ഇരിന്നിട്ടുണ്ട്. . കൂറ് മാറ്റം പുത്തരിയല്ലാത്ത അലമാവോ ഒടുവിൽ എൻസിപിയിൽ നിന്നാണ് തൃണമൂലിൽ എത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

ഹിന്ദി അറിയില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്; വൈവിധ്യത്തിന്‍റെ യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് സുപ്രീംകോടതി ജഡ്ജി നാഗരത്ന
മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്