ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബദറുദ്ദിന്‍ ഷെയ്ഖ് മരിച്ചു

By Web TeamFirst Published Apr 27, 2020, 3:51 PM IST
Highlights

കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതോടെ ഏപ്രില്‍ 15നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ ആറ് ദിവസമായി അദ്ദേഹം വെന്‍റിലേറ്ററിലായിരുന്നു. ഒരു കോൺഗ്രസ് എംഎൽഎയ്ക്കും ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അഹമ്മദാബാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മരിച്ചു. മുതിര്‍ന്ന മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ബദറുദ്ദീന്‍ ഷെയ്ഖ് ആണ് ഇന്നലെ രാത്രി മരിച്ചത്. കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതോടെ ഏപ്രില്‍ 15നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

കഴിഞ്ഞ ആറ് ദിവസമായി അദ്ദേഹം വെന്‍റിലേറ്ററിലായിരുന്നു. ഒരു കോൺഗ്രസ് എംഎൽഎയ്ക്കും ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം,  ചൈനയിലെ വുഹാനിൽ സാന്നിധ്യമറിയിച്ച കൊവിഡ് വൈറസിന്‍റെ എൽ ടൈപ്പ് വകഭേദം ഗുജറാത്തിൽ പടരുന്നതായുള്ള സൂചനകള്‍ പുറത്ത് വന്നു. വുഹാനിൽ ആയിരങ്ങളുടെ ജീവനെടുത്ത വൈറസാണ് എൽ ടൈപ് കൊറോണ വൈറസ്.  

വുഹാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രോഗം പടരുന്നതിനിടെ വൈറസിന്‍റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആദ്യമായി ഇന്ത്യയിൽ എൽ ടൈപ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്. ഒരു രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിൾ മാത്രമാണ് ജീനോം സീക്വൻസിംഗ് നടത്തിയതെന്നും ഭൂരിഭാഗം പേരെയും ബാധിച്ചത് ഇതേ വൈറസാണെന്ന് പറയാറായിട്ടില്ലെന്നും ബയോടെക്നോളജി റിസർ‍ച്ചെ സെന്‍റർ ഡയറക്ടർ സിജി ജോഷി പറയുന്നു. 

പക്ഷേ, സംസ്ഥാനത്തെ മരണനിരക്ക് പരിശോധിക്കുമ്പോൾ അതിനുള്ള സാധ്യത തള്ളാനാകില്ലെന്ന് വിദഗ്ദർ പറയുന്നു. 151 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. ഇന്നലെയും 18 പേർ മരിച്ചു.കൂടുതൽ പേർ മരിച്ച വിദേശ രാജ്യങ്ങളിലും എൽ ടൈപ് വൈറസിന്‍റെ സാനിധ്യം കണ്ടെത്തിയിരുന്നു.

 

click me!