'മതേതര പാര്‍ട്ടികള്‍ ഒവൈസിയെ സൂക്ഷിക്കണം': കോണ്‍ഗ്രസ്

By Web TeamFirst Published Nov 10, 2020, 8:24 PM IST
Highlights

മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലായി 14 സ്ഥാനാര്‍ത്ഥികളെയാണ് എഐഎംഐഎം മത്സരിപ്പിച്ചത്. ഈ മണ്ഡലങ്ങളിലെല്ലാം തന്നെ നിലവില്‍ ജെഡിയുവിനാണ് നേട്ടം കാണുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു

പറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ എഐഎംഐഎം നേതാവ് അസുദ്ദീന്‍ ഒവൈസിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്  കോണ്‍ഗ്രസ്. ഒവൈസി വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും മതേതര പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഒവൈസിയെ സൂക്ഷിക്കണമെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ അഭിപ്രായപ്പെട്ടത്. 

ഒവൈസിയുടെ പാര്‍ട്ടി മുസ്ലീം വോട്ട് ഭിന്നിപ്പിക്കുമ്പോള്‍ അത് മതേതര പാര്‍ട്ടികളുടെ വോട്ടിനെ ബാധിക്കുകയും, സ്വാഭാവികമായി ബിജെപിക്ക് സ്ഥിതിഗതികള്‍ അനുകൂലമാവുകയും ചെയ്യുകയാണെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഒവൈസി ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ബിജെപിയുടെ ഏജന്‍റാണെന്നും തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തേയും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. 

ഇപ്പോള്‍ ബീഹാറിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തലേക്ക് കടക്കുന്ന സാഹചര്യത്തിലും ഇതുതന്നെ ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. 

'ഒവൈസിയെ ഉപയോഗപ്പെടുത്തുക എന്ന ബിജെപിയുടെ തന്ത്രം ബീഹാറില്‍ ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം പറയാന്‍. മതേതര പാര്‍ട്ടികള്‍ ഇതൊരു മുന്നറിയിപ്പായി കണക്കാക്കണം. ഒവൈസി സാഹബ് ഒരു വോട്ട് കട്ടര്‍ ആണ്...'- ആദിര്‍ രഞ്ജന്‍ പറഞ്ഞു. 

മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലായി 14 സ്ഥാനാര്‍ത്ഥികളെയാണ് എഐഎംഐഎം മത്സരിപ്പിച്ചത്. ഈ മണ്ഡലങ്ങളിലെല്ലാം തന്നെ നിലവില്‍ ജെഡിയുവിനാണ് നേട്ടം കാണുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളില്‍ എഐഎംഐഎം ലീഡ് ചെയ്യുന്ന സാഹചര്യവും ബീഹാറില്‍ കാണുന്നുണ്ട്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത കൈവരൂ. എന്തായാലും വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കാന്‍ എഐഎംഐഎമ്മിന് കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് പൊതുവിലുള്ള വിലയിരുത്തല്‍.

Also Read:- ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം; പ്രതീക്ഷയോടെ മഹാസഖ്യം, നിതീഷിനെ കണ്ട് ബിജെപി നേതാക്കൾ...

click me!