പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 86% വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ലീഡ് നില വീണ്ടും മാറി മറിയുന്നു. ഒടുവിലെ കണക്കുകൾ പ്രകാരം എൻഡിഎ 123 സീറ്റുകളിലും മഹാസഖ്യം 113 സീറ്റുകളിലും മറ്റുള്ളവർ 7 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. 30 തിൽ കൂടുതൽ മണ്ഡലങ്ങളിൽ ആയിരം വോട്ട് വ്യത്യാസത്തിലും 100 ൽ കൂടുതൽ മണ്ഡലങ്ങളിൽ അയ്യായിരം വോട്ട് വ്യത്യാസത്തിലുമാണ് ഇരുമുന്നണികളുടേയും മുന്നേറ്റം. ഇത് മാറി മറിയാൻ സാധ്യതയുണ്ട്. 

177 സീറ്റുകളിലെ ഫലം വന്നപ്പോൾ എൻഡിഎ സഖ്യത്തിന്റെ ഭാഗമായ  ബിജെപി49 സീറ്റുകളിലും ജെഡിയു 30 സീറ്റുകളിലും വിജയിച്ചു.  മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡി 59 സീറ്റുകളിലും കോൺഗ്രസ് 13 ഇടത്തും സിപിഐഎംഎൽ 9 ഇടത്തും വിജയം കണ്ടു. അന്തിമഫലം അർധരാത്രിയോടെ മാത്രമെ പുറത്തുവരൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാത്രി എട്ടുവരെ 3.40 കോടി വോട്ടുകൾ എണ്ണിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആകെ 4.10 കോടി വോട്ടുകളാണ് പോൾ ചെയ്തിട്ടുള്ളത്.   

തുടക്കത്തിൽ മുന്നേറ്റം നടത്തി പിന്നീട് പിന്നോട്ട് പോയ മഹാസഖ്യം ഒരു ഘട്ടത്തിൽ തിരിച്ചുവന്നെങ്കിലും എഡിഎ വീണ്ടും ലീഡ് പിടിച്ചു. ബിജെപി മുന്നേറ്റത്തിൽ സന്തോഷമറിയിച്ച് പ്രധാനമന്ത്രിയും അമിത് ഷായും പ്രവർത്തകരെ അഭിനന്ദനം അറിയിച്ചതായി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മാറിയ സാഹചര്യത്തിൽ ബിജെപി സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. 

ബിജെപിയെ പിന്തള്ളി ആർജെഡി ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. 75 സീറ്റുകളിലാണ് നിലവിൽ മുന്നേറ്റം. തൊട്ടുപിന്നിൽ 73 സീറ്റുകളിൽ ബിജെപിയും മുന്നേറുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ ഇടത് പക്ഷം തുടക്കത്തിൽ ഉയർത്തിയ മുന്നേറ്റം നിലനിർത്തി 18 സീറ്റുകളിൽ മുന്നിലാണ്. അതേ സമയം 20 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. മഹാസഖ്യത്തിൽ വലിയ തിരിച്ചടി നൽകിയത് കോൺഗ്രസ് ആണെന്നാണ് വിലയിരുത്തൽ.

അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ബിഹാറിൽ നിർണ്ണായക സാന്നിധ്യമായേക്കുമെന്നാണ് നിലവിലെ സാഹചര്യത്തിലെ വിലയിരുത്തൽ.  ഒരു സീറ്റിൽ വിജയിച്ച പാർട്ടി നാല് സീറ്റുകളിൽ നടത്തുന്ന മുന്നേറ്റം തുടരുകയാണ്. ആർജെഡി-കോൺഗ്രസ് പാർട്ടികൾക്ക് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് എഐഎംഐഎമ്മിലേക്ക് കൂടുതൽ എത്തിയത്. സീറ്റു നില മാറി മറിയുകയാണെങ്കിൽ മഹാസഖ്യത്തിന് അസദുദ്ദീന്‍ ഒവൈസിയുടേ പിന്തുണ കൂടി ലഭിച്ചാൽ കൂടുതൽ എളുപ്പമാകും. അതേ സമയം ചിരാഗ് പാസ്വാന്റെ എൽജെപി ഒരു സീറ്റിൽ വിജയിച്ചു. 

ലീഡ് നില മാറി മറിഞ്ഞതോടെ തേജസ്വിയാദവിന്റെ  വീടിന് മുൻപിൽ വീണ്ടും ആഹ്ലാദ പ്രകടനം ആരംഭിച്ചു. ലീഡുയരുന്നതോടെ കൂടുതൽ പ്രവർത്തകരെത്തിത്തുടങ്ങി. ഹസൻപൂർ മണ്ഡലത്തിൽ ലാലുപ്രസാദ് യാദവിന്റെ മകനും തേജസ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ്  വിജയിച്ചു.