
ഉത്തരാഖണ്ഡ്: കൊറോണ വൈറസ് ലോകത്തിന് നൽകിയത് കൃഷ്ണ ഭഗവാൻ ആണെന്ന ഉത്തരാഖണ്ഡിലെ കോൺഗ്രസ് ഉപാധ്യക്ഷൻ സൂര്യകാന്ത് ധസ്മാനയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ രൂക്ഷവിമർശനം. സൂര്യകാന്ത് മാപ്പ് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക ഹിന്ദി വാർത്താ ചാനലിന്റെ സംവാദത്തിൽ പങ്കെടുക്കവേയാണ് കോൺഗ്രസ് നേതാവ് ഈ പരാമർശം നടത്തിയത്.
വളരെ വേഗത്തിൽ ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് സനാതന ധർമ്മത്തെ അപമാനിച്ചു എന്നാണ് മിക്കവരുടെയും പ്രതികരണം. 'കൊറോണ കൃഷ്ണ എന്നീ വാക്കുകൾ ആരംഭിക്കുന്നത് ക എന്ന ശബ്ദത്തിൽ നിന്നാണ്. അതിനാൽ കൊറോണ വൈറസിനെ ഈ ലോകത്തേയ്ക്ക് അയച്ചത് അദ്ദേഹമാണെന്ന് വ്യക്തമാണ്.' സൂര്യകാന്ത് ധസ്മാന പറഞ്ഞു. എന്നാൽ സനാതന ധർമ്മത്തിനെതിരായോ കൃഷ്ണ ഭഗവാനെതിരായോ താൻ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് സൂര്യകാന്തിന്റെ വിശദീകരണം.
'എന്റെ പ്രസ്താവന പൂർണ്ണമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രസ്താവന നടത്തുമ്പോൾ ഞാൻ ഭഗവദ് ഗീത ഉദ്ധരിച്ചിരുന്നു. ഭഗവദ് ഗീതയിൽ കൃഷ്ണ ഭഗവാൻ വളരെ വ്യക്തമായി പറയുന്നുണ്ട്, ലോകത്തിൻെ സ്രഷ്ടാവും സംരക്ഷകനും നശിപ്പിക്കുന്നവനും താൻ തന്നെയാന്ന്. അവന്റെ ഇഷ്ടമല്ലാതെ ലോകത്തിൽ മറ്റൊന്നും സംഭവിക്കുന്നില്ല. കൊറോണയെ ശ്രീകൃഷ്ണ ഭഗവാൻ അയച്ചതാണെന്നും അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ വാക്സിൻ വികസിപ്പിച്ചിട്ടുണ്ടെന്നുമാണ് ഞാൻ പറഞ്ഞത്.' അദ്ദേഹം വിശദീകരിച്ചു.
ധസ്മാനയുടെ പ്രസ്താവനയിൻമേൽ കോൺഗ്രസ് മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. 'കോൺഗ്രസ് എത്രമാത്രം മാനസിക പാപ്പരത്തം ഉള്ളവരാണ് എന്ന് ഈ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാം. കൃഷ്ണൻ ഈ ലോകത്തിലേക്ക് വന്നത് അസുരൻമാരെ നശിപ്പിക്കാനാണ്. എന്നാൽ കൊറോണയും കൃഷ്ണനും ക യിൽ തുടങ്ങുന്നു എന്ന് പറഞ്ഞത് വഴി, ഭഗവാനെയും ഇന്നത്തെ ലോകത്തിലെ അസുരനായ കൊറോണയെയും തമ്മിൽ താരതമ്യപ്പെടുത്തുകയാണ് ചെയ്തത്. അത് അപലപിക്കേണ്ട കാര്യമാണ്.' ഉത്തരാഖണ്ഡിലെ ബിജെപി സ്റ്റേറ്റ് യൂണിറ്റ് വൈസ് പ്രസിഡന്റ് ദേവേന്ദ്ര ഭാസിൻ വ്യക്തമാക്കി.
കൊറോണയും കോൺഗ്രസും തമ്മിൽ താരതമ്യപ്പെടുത്തുകയായിരുന്നു കുറച്ചു കൂടി നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വിഘ്നം സൃഷ്ടിക്കുന്നത് കോൺഗ്രസാണ്. ഹിന്ദു ധർമ്മത്തെ അപമാനിക്കുകയാണ് സൂര്യകാന്ത് ചെയ്തതെന്നും മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ ആരോപണങ്ങളെ പാടേ നിഷേധിക്കുകയാണ് സൂര്യകാന്ത് ധസ്മാന. താൻ ശ്രീകൃഷ്ണന്റെ കടുത്ത ഭക്തനാണ്. കഴിഞ്ഞ 25 വർഷമായി ഡെറാഡൂണിൽ ഭഗവദ് ഗീത പാരായണം നടത്തുന്നുണ്ട്. മതത്തെ മാനിക്കാനും പിന്തുടരാനും തനിക്ക് ബിജെപിയുടെ അനുമതിപത്രം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam