'യു പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക എത്തണം'; ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍

By Web TeamFirst Published Jun 12, 2019, 11:37 PM IST
Highlights

പാര്‍ട്ടിയില്‍ ഏകോപനമില്ലാതിരുന്നതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്ന് നേതാക്കള്‍ ആരോപിച്ചു.

ലക്നൗ: ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അടുത്ത തെരഞ്ഞെടുപ്പില്‍ യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ റായ്ബറേലിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അവലേകന യോഗത്തില്‍ നേതാക്കള്‍ ഇക്കാര്യം അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാര്‍ട്ടിയില്‍ ഏകോപനമില്ലാതിരുന്നതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്ന് നേതാക്കള്‍ ആരോപിച്ചു. 2022-ലെ നിമയസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്കയെ പരിഗണിക്കണമെന്നാണ് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

'നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെട്ടു. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനായി യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വരും തെര‍ഞ്ഞെടുപ്പുകള്‍ പാര്‍ട്ടി ഒറ്റയ്ക്ക് നേരിടും. സഖ്യത്തിന്‍റെ ആവശ്യമില്ല.'- വാരണാസി മുന്‍ എം പിയും കോണ്‍ഗ്രസ് നേതാവുമായ രാജേഷ് മിശ്ര പറഞ്ഞു. 

click me!