
ബെംഗളൂരു: കർണാടകത്തിലും കേരളത്തിലും ഉന്നത നേതാക്കൾക്കായി ഒരേസമയം വലവിരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതോടെ തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിരോധത്തിലായി കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ. ഒരു സംസ്ഥാനത്ത് ഇ.ഡിയെ 'വേട്ടക്കാർ' എന്ന് വിളിച്ച് രാഷ്ട്രീയമായി നേരിടാൻ ആഹ്വാനം ചെയ്യുമ്പോൾ, തൊട്ടടുത്ത സംസ്ഥാനത്ത് അതേ ഏജൻസിയുടെ കണ്ടെത്തലുകളെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോൺഗ്രസ്.
ഇഡിയെ മുൻനിർത്തി ദക്ഷിണേന്ത്യയിൽ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് കേന്ദ്രം വഴിതുറന്നതോടെയാണ് തങ്ങൾ ഭരിക്കുന്ന കേരളത്തിലും കർണാടകത്തിലും കോൺഗ്രസ് ഒരുപോലെ പ്രതിരോധത്തിലായത്. കേരളത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഇ.ഡി നീക്കം രാഷ്ട്രീയമായി കോൺഗ്രസിന് ഗുണം ചെയ്യുന്നതാണ്. എന്നാൽ അയൽ സംസ്ഥാനമായ കർണാടകത്തിലെ സാഹചര്യം ഇഡി നടപടിയെ ന്യായീകരിച്ച് പരസ്യമായി രംഗത്തുവരുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു.
കർണാടകത്തിൽ ഡി.കെ സർക്കാർ അധികാരത്തിൽ 100 ദിവസം തികയ്ക്കുന്ന വേളയിൽ മന്ത്രിസഭയിലെ പ്രബലനെ തന്നെ ഇഡി ലക്ഷ്യമിട്ടത് നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നു. സതീഷ് ജാർക്കിഹോളിയുടെയും മകളും എം.പിയുമായ പ്രിയങ്ക ജാർക്കിഹോളിയുടെയും ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെയും ബെലഗാവിയിലെയും വസതികളിൽ ഉൾപ്പെടെ 18 കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്. ഏകദേശം 40 ഓളം കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്ന വിവരവും പിന്നാലെ പുറത്തുവരുന്നുണ്ട്. ഇതാണ് ഇഡിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്.
കർണാടകത്തിലെ കേന്ദ്ര ഏജൻസിയുടെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് അർത്ഥശങ്കകൾക്കിടയില്ലാത്ത വിധം പറയുന്ന കോൺഗ്രസ് നേതാക്കൾ അതിർത്തി കടക്കുമ്പോൾ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ഇഡിയുടെ കത്തിന്മേൽ കരുതലോടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാത്രമേ ഇഡി നടപടികളെ ചെറുതായെങ്കിലും സ്വാഗതം ചെയ്യുന്നുള്ളൂ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപി കൃത്യമായി കരുക്കൾ നീക്കുമ്പോൾ ആ കെണിയിൽ വീണ് ചക്രശ്വാസം വലിക്കുകയാണ് കോൺഗ്രസ്. സിപിഎമ്മിന് പിന്നാലെ ഡിഎംകെയും ഇഡി രാഷ്ട്രീയത്തെ പരസ്യമായി തള്ളിപ്പറയുമ്പോൾ കോൺഗ്രസിലെ ആശയക്കുഴപ്പം ദേശീയതലത്തിൽ തന്നെ നേട്ടമാക്കാനാകും ബിജെപിയുടെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam