ശിവസേന- എന്‍സിപി സഖ്യം വന്നാല്‍ പുറത്ത് നിന്ന് കോണ്‍ഗ്രസ് പിന്തുണച്ചേക്കും; പവാര്‍-സോണിയ ചര്‍ച്ചയ്‍ക്ക് ശേഷം അന്തിമ തീരുമാനം

By Web TeamFirst Published Nov 11, 2019, 12:19 PM IST
Highlights

എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തിയ ശേഷം പ്രഖ്യാപനം ഉണ്ടാകും.
 

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി സഖ്യം ഉണ്ടായാല്‍ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചേക്കും. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം ആയതായാണ് സൂചന. നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോൺഗ്രസ് പിന്തുണയ്ക്കാതെ ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയെ പിന്തുണയ്‍ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം എന്‍സിപി എടുക്കും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തിയ ശേഷം പ്രഖ്യാപനം ഉണ്ടാകും.

മഹാരാഷ്ട്രയിൽ ബിജെപിക്ക് എതിരെയുള്ള സർക്കാരിൽ ഭാഗമാകണമെന്ന് കോൺഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഒരുവിഭാഗം കോൺഗ്രസ്‌ എംഎല്‍എ മാർ സോണിയ ഗാന്ധിക്ക് കത്തയച്ചു. നേരത്തെ ശിവസേന എൻഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താൽ സഖ്യ സാധ്യത പരിശോധിക്കാമെന്നായിരുന്നു എന്‍സിപി അറിയിച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായി ശിവസേന എംപിയും കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കുന്നതായി ഇന്ന് അറിയിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂർണമായി ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമായി വേണം ശിവസേനയുടെ പുതിയ നീക്കത്തെ കാണാന്‍. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനം രാജിവക്കുന്നുവെന്നായിരുന്നു അരവിന്ദ് സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചത്. 


 

click me!