മോദിയുടെ നാട്ടില്‍ കോണ്‍ഗ്രസിന് അടുത്ത തിരിച്ചടി; എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

By Web TeamFirst Published Mar 8, 2019, 6:35 PM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ശക്തനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. 1990ലാണ് മാനവദറില്‍ നിന്ന് ചാവ്ദ ആദ്യമായി ഗുജറാത്ത് നിയമസഭയില്‍ എത്തുന്നത്. പിന്നീട് 2007, 2012, 2017 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു

അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജവഹര്‍ ചാവ്ദ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ ചാവ്ദ ഇന്ന് സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

ജുനാഗദ് ജില്ലയിലെ മാനവദറില്‍ നിന്ന് വിജയം നേടി നാല് വട്ടം എംഎല്‍എയായ ചാവ്ദയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ശക്തനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്.

1990ലാണ് മാനവദറില്‍ നിന്ന് ചാവ്ദ ആദ്യമായി ഗുജറാത്ത് നിയമസഭയില്‍ എത്തുന്നത്. പിന്നീട് 2007, 2012, 2017 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുന്ന മൂന്നാമത്തെ എംഎല്‍എയാണ് ചാവ്ദ.

ഫെബ്രുവരി മൂന്നിന് ഉന്‍ജയില്‍ നിന്നുള്ള വനിതാ എംഎല്‍എ ആശ പട്ടേല്‍ രാജിവെച്ചിരുന്നു. ചാവ്ദയുടെ രാജിയോടെ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 73 ആയി ചുരുങ്ങി. നേരത്തെ കഴിഞ്ഞ വര്‍ഷം ജൂലെെയില്‍ മുതിര്‍ന്ന നേതാവ് കന്‍വര്‍ജി ബവാലിയയും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 

click me!