Tharoor lauds Modi : 'അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തി', നരേന്ദ്രമോദിയെ പ്രശംസിച്ച് ശശി തരൂർ

Published : Mar 14, 2022, 04:46 PM IST
Tharoor lauds Modi : 'അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തി', നരേന്ദ്രമോദിയെ പ്രശംസിച്ച് ശശി തരൂർ

Synopsis

"പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയാണ്. ശ്രദ്ധേയമായ ചില കാര്യങ്ങൾ, പ്രത്യേകിച്ച്  രാഷ്ട്രീയമായി അദ്ദേഹം ചെയ്തിട്ടുണ്ട്...''

ജയ്പൂർ : നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് (Assembly Elections Victory) പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ (Shashi Tharoor). അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയെന്നാണ് തരൂർ മോദിയെ വിശേഷിപ്പിച്ചത്. "പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയാണ്. ശ്രദ്ധേയമായ ചില കാര്യങ്ങൾ, പ്രത്യേകിച്ച്  രാഷ്ട്രീയമായി അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്രയും വലിയ മാർജിനിൽ അദ്ദേഹം വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം വിജയിച്ചു" ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മാധ്യമങ്ങളോട് സംസാരിക്കവെ തരൂർ പറഞ്ഞു. 

ഒരു ദിവസം ഇന്ത്യൻ വോട്ടർമാർ ബിജെപിയെ അമ്പരപ്പിക്കും. എന്നാൽ ഇന്ന് ജനങ്ങൾ അവർക്ക് അവർ ആഗ്രഹിച്ചത് നൽകിയെന്നും തരൂർ കൂട്ടിച്ചേർത്തു. മോദിയെ പ്രശംസിച്ച തരൂർ അതേസമയം അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തെ വർഗീയവും മതപരവുമായ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ശക്തികളെ മോദി സമൂഹത്തിലേക്ക് അഴിച്ചുവിട്ടു, അത്  നിർഭാഗ്യകരമാണെന്ന് തരൂർ ആരോപിച്ചു. യുപി തെരഞ്ഞെടുപ്പു ഫലങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചതിൽ താൻ ആശ്ചര്യപ്പെട്ടു. എക്‌സിറ്റ് പോൾ പുറത്തുവരുന്നതുവരെ വളരെ കുറച്ചുപേർ മാത്രമേ ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നുള്ളൂ. ഇത്രയും ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. സമാജ്‌വാദി പാർട്ടിയുടെ (എസ്പി) സീറ്റുകൾ വർദ്ധിച്ചു, അതിനാൽ അവർ മികച്ച പ്രതിപക്ഷമാണെന്ന് തെളിയിക്കുമെന്നും തരൂർ വ്യക്തമാക്കി. 

യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനത്തെക്കുറിച്ചും തരൂർ പ്രതികരിച്ചു. പ്രിയങ്ക ഗാന്ധി പാർട്ടിക്ക് വേണ്ടി ശ്രദ്ധേയവും ഊർജ്ജസ്വലവുമായ പ്രചാരണം നടത്തി. തന്റെ കാഴ്ചപ്പാടിൽ, കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നില്ല. ഉത്തർപ്രദേശിലെങ്ങും പ്രിയങ്ക ഉണ്ടായിരുന്നു. സംസ്ഥാനത്തുടനീള അവർ സഞ്ചരിച്ചു. രണ്ട തവണ യുപി പൊലീസ് അവരെ അറസ്റ്റ് ചെയ്തുവെന്നും തരൂർ പറഞ്ഞു. 

കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം വേണം

കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം വേണമെന്നും പ്രവർത്തകസമിതിയിലടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നും  ശശി തരൂർ പ്രതികരിച്ചു. വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് പാർട്ടി നേതൃത്വത്തിന് ഒരു നിര നിർദേശങ്ങൾ തരൂർ നൽകുന്നത്. പുതിയ നേതാക്കൾക്ക് കടന്ന് വരാൻ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂർ ആവശ്യപ്പെടുന്നു. 

'വെല്ലുവിളി ഏറ്റെടുക്കണം' എന്ന തലക്കെട്ടിൽ വിവിധ ദിനപത്രങ്ങളിൽ എഴുതിയ ലേഖനത്തിൽ മോദിയെയും ബിജെപിയെയും വിമർശക്കുന്നതിന് ഒപ്പം എന്ത് ചെയ്യാൻ പോകുന്നു എന്ന് കൂടി പറയണമെന്ന് തരൂർ ആവശ്യപ്പെടുന്നു. മൂല്യങ്ങളെ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്ന് തരൂർ ഓർമപ്പെടുത്തുന്നു. അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി കോൺഗ്രസ് തുടരണമെന്നും തരൂർ പറഞ്ഞു. 

സോണിയയിൽ പൂർണവിശ്വാസം രേഖപ്പെടുത്തി യോഗം 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സ്ഥിതി വിലയിരുത്താൻ ഇന്നലെ ദില്ലിയിൽ ചേർന്ന കോൺഗ്രസ് പ്രവ‍ർത്തകസമിതി യോഗത്തിൽ കാര്യമായൊന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവം. സോണിയയിൽ പൂർണവിശ്വാസം രേഖപ്പെടുത്തി യോഗം പിരിഞ്ഞു. പ്രതിഷേധത്തിൽ ഗാന്ധി കുടുംബം രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രവർത്തകസമിതി അത് തടഞ്ഞു. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ ഗ്രൂപ്പ് 23 നേതാക്കൾ യോഗത്തിൽ പ്രതിഷേധിച്ചില്ല. 

എന്നാൽ പരസ്യമായി പ്രതിഷേധിച്ചില്ലെങ്കിലും ചില സുപ്രധാന നിർദേശങ്ങൾ ജി-23 നേതാക്കൾ മുന്നോട്ട് വച്ചു. അനുഭവസമ്പത്തുള്ള ആളായിരിക്കണം സംഘടനാകാര്യങ്ങൾ നിയന്ത്രിക്കേണ്ടത്. കെ സി വേണുഗോപാലിനെതിരെ തുറന്ന വിമർശനം തന്നെ യോഗത്തിലുയർന്നു. ഒരു സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്കും മറ്റ് പാർട്ടികളിൽ നിന്ന് വന്നവർ നേരിട്ട് എത്തരുത്. വർക്കിംഗ് പ്രസിഡന്‍റ് നിയമനം അവസാനിപ്പിക്കണം.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി അതീവ ഗുരുതരമെന്ന് വിലയിരുത്തിയ നേതൃത്വം ആസൂത്രണത്തിലെ പിഴവ് സമ്മതിച്ചു. ആത്മപരിശോധന നടത്തും. പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയത് തന്‍റെ പിഴവാണെന്ന് സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു. സംഘടനാ ദൗർബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടല്‍ ഉണ്ടാകും. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ സ്ഥാന ത്യാഗത്തിന് തയ്യാറാണെന്ന് സോണിയ ഗാന്ധി അറിയിച്ചു. എന്നാല്‍ കടുത്ത നിലപാട് സ്വീകരിക്കരുതെന്നാവശ്യപ്പെട്ട പ്രവർത്തക സമിതി അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബം തുടരണമെന്നാവശ്യപ്പെട്ടു. പൂർണപിന്തുണ നൽകാനും ഭൂരിഭാഗം അംഗങ്ങളും തീരുമാനിക്കുകയും ചെയ്തു. 

ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിച്ചത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. വിമതസംഘം മുന്നോട്ട് വയ്ക്കുന്ന എല്ലാ നിർദേശങ്ങളും അംഗീകരിക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പ് നൽകി. ഇതനുസരിച്ചാണ് സംഘടനാ സംവിധാനത്തിൽ നിർണായക ഭേദഗതികൾ ആവശ്യപ്പെട്ട് ജി 23 ചില നിർദേശങ്ങൾ സമർപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം