
ദില്ലി: കോണ്‍ഗ്രസ് പ്രകകടനപത്രികയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മോഡല്‍ സ്വത്ത് വിഭജനം ചര്‍ച്ചയാക്കിയ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാംപിത്രോദയുടെ വാക്കുകള്‍ വിവാദത്തില്‍. അതി സമ്പന്നന്‍ മരിച്ചാല്‍ പാരമ്പര്യ സ്വത്തിന്‍റെ 55 ശതമാനം സര്‍ക്കാരിലേക്ക് പോകുമെന്ന പിത്രോദയുടെ വാക്കുകള്‍ കോണ്‍ഗ്രസിനെതിരായ മുസ്ലീം പ്രീണന ആക്ഷേപത്തിന് ഇന്നത്തെ റാലികളില്‍ മോദി ഉപയോഗിച്ചു. വെട്ടിലായ കോണ്‍ഗ്രസ് പിത്രോദയെ തള്ളിപറഞ്ഞു.
കോണ്‍ഗ്രസ് പ്രകടനപത്രികയിലെ സാമ്പത്തിക സര്‍വേ ബിജെപി ആയുധമാക്കുന്ന പശ്ചാത്തലത്തിലായിരുന്നു സാം പിത്രോദ അമേരിക്കന്‍ മോഡല്‍ പരിചയപ്പെടുത്തിയത്. യുഎസില്‍ അതി സമ്പന്നനായ വ്യക്തി മരിച്ചാല്‍ അദ്ദേഹത്തിന്‍റെ സ്വത്തിന്‍റെ 45 ശതമാനമേ അനന്തരാവകാശിക്ക് കിട്ടൂ, 55 ശതമാനം സര്‍ക്കാരിലേക്ക് പോകുമെന്നും അത് പിന്നീട് ക്ഷേമ പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തുമെന്നും പിത്രോദ പറഞ്ഞു. ഈ മാതൃക ഇന്ത്യയിലും പിന്തുടര്‍ന്നാല്‍ നന്നായിരിക്കുമെന്നും പിത്രോദ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമ്പത്ത് തട്ടിയെടുക്കുമെന്ന ആരോപണത്തിന് ബലം പകരാന്‍ പ്രധാനമന്ത്രി തന്നെ പിത്രോദയുടെ വാക്കുകള്‍ ഇന്നത്തെ റാലികളില്‍ ആയുധമാക്കി. കുടുംബ നാഥന്‍റെ മരണത്തിന് ശേഷം സ്വത്ത് അനന്തരാവകാശികള്‍ക്ക് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്നും, ഇക്കാര്യമാണ് കുറച്ച് ദിവസമായി താന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു.
രാഹുലിന്‍റെയും. പ്രിയങ്കയുടെയും വായടഞ്ഞെന്നും സാമ്പത്തിക സര്‍വേ നടത്തുമെന്ന പ്രഖ്യാപനം കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നിന്ന് പിന്‍വലിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. പ്രതിരോധത്തിലായ കോണ്‍ഗ്രസ് സാം പിത്രോദയെ തള്ളി പറഞ്ഞു. പിത്രോദയുടെ വാക്കുകള്‍ വ്യക്തിപരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.
സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട് മോദിയുടെ ആക്ഷേപങ്ങളോട് കരുതലോടെ നേതൃത്വം പ്രതികരിക്കുന്നതിനിടയില്‍ പിത്രോദയുടെ പ്രതികരണം അനവസരത്തിലായെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. വിവാദം കത്തിയതോടെ വാക്കുകള്‍ വളച്ചൊടിച്ചെന്നും കോണ്‍ഗ്രസ് നയവുമായി ബന്ധപ്പെടുത്തിയല്ല താന്‍ അമേരിക്കന്‍ മോഡല്‍ പരിചയപ്പെടുത്തിയതെന്നും പിത്രോദ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam