
ലക്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശ്ശബ്ദത പാലിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൗധരി. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തിന് പകരം നിശ്ശബ്ദരായിരിക്കൂ എന്ന മുദ്രാവാക്യമാണ് പ്രധാനമന്ത്രി നൽകിയിരിക്കുന്നതെന്നും ചൗധരി പറഞ്ഞു. പ്രാദേശിക തലത്തിലും ആഗോളതലത്തിലും ഉളള എല്ലാ സംഭവങ്ങളെയും കുറിച്ച് അഭിപ്രായം പറയുന്ന വ്യക്തി എന്താണ് ഇത്രയും നിഷ്ഠൂരമായ സംഭവം നടന്നിട്ട് നിശ്ശബ്ദമായിരിക്കുന്നതെന്നും ചൗധരി ആശ്ചര്യം പ്രകടിപ്പിച്ചു.
പ്രാദേശികവും ആഗോളവുമായി സംഭവങ്ങളിൽ ശബ്ദമുയർത്തുന്ന മോദി, ഹാഥ്റസിലെ ഹൃദയഭേദകമായ സംഭവത്തിൽ നിശ്ശബ്ദനാണ്. എന്താണ് മോദിക്ക് സംഭവിച്ചത്? നിങ്ങളുടെ സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ വികാസ് എവിടെയാണ്? ഹാഥ്റസ് സംഭവത്തിൽ നിങ്ങളുടെ കാപട്യമാണ് വെളിപ്പെടുന്നത്. ചൗധരി ട്വീറ്റ് ചെയ്തു. നിശ്ശബ്ദരായിരിക്കൂ ഇന്ത്യ എന്നൊരു മുദ്രാവാക്യം കൂടി മോദി നൽകിയെന്നും ചൗധരി കൂട്ടിച്ചേർത്തു.
സംഭവത്തിന് ശേഷം പ്രധാനമന്ത്രി മോദി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തുകയും കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ഹാഥ്റസിൽ പത്തൊൻപത് വയസ്സുള്ള പെൺകുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam