ദില്ലി വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ'; മോദിക്കെതിരായ പരാമ‍ര്‍ശത്തിൽ പവൻ ഖേര അറസ്റ്റിൽ, റണ്‍വേയിൽ പ്രതിഷേധം

Published : Feb 23, 2023, 02:05 PM ISTUpdated : Feb 23, 2023, 02:23 PM IST
ദില്ലി വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ'; മോദിക്കെതിരായ പരാമ‍ര്‍ശത്തിൽ പവൻ ഖേര അറസ്റ്റിൽ, റണ്‍വേയിൽ പ്രതിഷേധം

Synopsis

ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതെന്ന് പവൻ ഖേര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തു. ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പവൻ ഖേരയെ അറസ്റ്റ് ചെയ്തത്. അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് എന്നാണ് വിവരം. 

റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കൾക്കൊപ്പം ദില്ലി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഖേര. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രൺദീപ് സുർജെവാല അടക്കമുള്ള നേതാക്കൾ ഖേരയ്ക്കൊപ്പം ഉണ്ടായിരുന്നു. റായ്പൂരിലുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ ചെക്ക് ഇൻ ചെയ്തതിന് പിന്നാലെ ദില്ലി പൊലീസ് സംഘം വിമാനത്തിലേക്ക് എത്തുകയും പവൻ ഖേരയെ റൺവേയിലേക്ക് ഇറക്കുകയും ചെയ്തു. 

കോൺഗ്രസ് നേതാക്കൾ ഖരേയെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ പരമാവധി ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അദ്ദേഹത്തെ റൺവേയിൽ നിന്നും വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലേക്ക്  കൊണ്ടു പോയി. വൈകാതെ അദ്ദേഹത്തെ കോടതിയിൽ ഹാജരാകും. കോടതിയിൽ നിന്നും ഖരേയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അസം പൊലീസ് അറിയിച്ചു. ദില്ലി പൊലീസിനൊപ്പം സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.  അസമിലെ ഹഫ് ലോങ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതെന്ന് പവൻ ഖേര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, റായ്പൂരിലേക്ക് പോകാനാവില്ലെന്നും ദില്ലി പൊലീസ് ഡിസിപിക്ക് കാണണമെന്ന് പറഞ്ഞതായും പവൻ ഖേര പറഞ്ഞു. എന്തു നിയമ വ്യവസ്ഥയാണ് ഇതെന്ന് പവൻ ഖേര ചോദിച്ചു.

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുപി പൊലീസ് പവൻ ഖേരക്കെതിരെ കേസ് എടുത്തിരുന്നു. രണ്ട് കേസുകൾ അദ്ദേഹത്തിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപി നേതാവാണ് ഈ കേസുകളിൽ പരാതിക്കാരൻ. എന്നാൽ  അസം പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

രാജ്യത്ത് ഏകാധിപത്യം വിലപ്പോകില്ലെന്ന് പറഞ്ഞാണ് റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റൺവേയിൽ ഉപരോധ സമരം തുടങ്ങിയത്. മോദി സർക്കാർ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ദുർബലമായ കേസുകൾ  എടുത്ത് ഖേരയെ തടയാനും നിശബ്ദനാക്കാനും ആണ് ശ്രമം. നാണംകെട്ട. അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റൺവേയിൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ദില്ലി പോലീസിന്റെ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അസമിൽ കേസുണ്ടെങ്കിൽ വിവരങ്ങൾ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതൃത്വം ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ കേസ് വിവരങ്ങൾ വെളിപ്പെടുത്താൻ ദില്ലി പോലീസ് തയ്യാറായില്ല. റായ്പൂരിലേക്കുള്ള വിമാനം പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. കോൺഗ്രസ് പ്ലീനറി തടസ്സപ്പെടുത്താനുള്ള ബിജെപി നീക്കമാണിതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ കുറ്റപ്പെടുത്തി. 

റായ്പൂരിലേക്കുള്ള വിമാനം  വിമാനത്തിന് ചില പ്രതിഷേധങ്ങളെ തുടർന്ന് ഇതു വരെ പുറപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഇൻഡിഗോ വിമാനക്കമ്പനി പിന്നീട് അറിയിച്ചു. അധികൃതരുടെ നിർദ്ദേശപ്രകാരമാണ് നടപടികളെന്നും ഒരു യാത്രക്കാരനെ വിമാനത്തിൽ നിന്ന് പോലീസ് പുറത്തിറക്കിയെന്നും പിന്നാലെ മറ്റു ചില യാത്രക്കാരും വിമാനത്തിൽ നിന്നും പുറത്തിറങ്ങിയെന്നും ഇൻഡിഗോ വ്യക്തമാക്കി. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം