
ദില്ലി: റായ്‌പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് പോകാൻ നേതാക്കൾക്കൊപ്പം ദില്ലി വിമാനത്താവളത്തിൽ എത്തിയ പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. കസ്റ്റഡിയിലെടുക്കാൻ ദില്ലി പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രതിഷേധം നടക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരുടെ സംഘം റൺവേ ഉപരോധിച്ച് റായ്പൂരിലേക്കുള്ള വിമാനത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. ദില്ലി പൊലീസിന്റെ വൻ സംഘം വിമാനത്താവളത്തിലുണ്ട്.
ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതെന്ന് പവൻ ഖേര പറഞ്ഞു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, റായ്പൂരിലേക്ക് പോകാനാവില്ലെന്നും ദില്ലി പൊലീസ് ഡിസിപിക്ക് കാണണമെന്ന് പറഞ്ഞതായും പവൻ ഖേര പറഞ്ഞു. എന്തു നിയമ വ്യവസ്ഥയാണ് ഇതെന്ന് പവൻ ഖേര ചോദിച്ചു. ഇതോടെയാണ് പവൻ ഖേരയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന് ആരോപിച്ച് കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നത്.
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുപി പൊലീസാണ് പവൻ ഖേരക്കെതിരെ കേസ് എടുത്തത്. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപി നേതാവാണ് പരാതിപ്പെട്ടത്. എന്നാൽ അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അസം പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
രാജ്യത്ത് ഏകാധിപത്യം വിലപ്പോകില്ലെന്ന് പറഞ്ഞാണ് റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റൺവേയിൽ ഉപരോധ സമരം തുടങ്ങിയത്. മോദി സർക്കാർ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ദുർബലമായ കേസുകൾ എടുത്ത് ഖേരയെ തടയാനും നിശബ്ദനാക്കാനും ആണ് ശ്രമം. നാണംകെട്ട. അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റൺവേയിൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ദില്ലി പോലീസിന്റെ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അസമിൽ കേസുണ്ടെങ്കിൽ വിവരങ്ങൾ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതൃത്വം ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ കേസ് വിവരങ്ങൾ വെളിപ്പെടുത്താൻ ദില്ലി പോലീസ് തയ്യാറായില്ല. റായ്പൂരിലേക്കുള്ള വിമാനം പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്.