
ദില്ലി: കള്ളന്മാർക്കെല്ലാം മോദിയെന്ന പേര് പരാമർശത്തിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് സ്വീകരണമൊരുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. സൂറത്തിൽ വിധി കേൾക്കാനെത്തി മടങ്ങുന്ന രാഹുലിനെ ദില്ലി വിമാനത്താവളത്തിൽ സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി പാർട്ടിയുടെ പ്രമുഖ നേതാക്കളും എം പിമാരെല്ലാവരും ദില്ലി വിമാനത്താവളത്തിലെത്തും. പ്രമുഖ നേതാക്കൾക്കും എം പിമാർക്കും ഒപ്പം പ്രവർത്തകരും രാഹുലിനെ ദില്ലിയിൽ സ്വീകരിക്കാനെത്തും. സൂറത്തിൽ നിന്ന് നാലര മണിയോടെയാകും രാഹുൽ ദില്ലിയിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
അയോഗ്യത ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും
അതേസമയം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്‍റെ പേരിലാണ് സൂറത്ത് സി ജെ എം കോടതി രാഹുലിന് ശിക്ഷ വിധിച്ചത്. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുൽ ഗാന്ധി അന്നത്തെ പ്രസംഗത്തില്‍ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എം എൽ എയുമായ പൂർണേഷ് മോദിയാണ് കോടതിയിലെത്തിയത്. കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയ കോടതി 2 വർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. അപ്പീൽ നൽകുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേയ്ക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. രാഹുലിന് ജാമ്യവും കോടതി അനുവദിച്ചിട്ടുണ്ട്.
അതേസമയം മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വവും ഭീഷണി നേരിടുകയാണ്. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിർണ്ണായകമാകും. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് ഇപ്പോൾ കോടതി നല്‍കിയിരിക്കുന്നത്. മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകാനുള്ള സാഹചര്യം ഒരുങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam