
ദില്ലി : ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ കർഷക വിരുദ്ധനയങ്ങൾക്കെതിരെ കർഷകരെ അണിനിരത്തി കോൺഗ്രസ് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ആദ്യവേദി. കോൺഗ്രസ് സംഘടിപ്പിക്കുന്ന കർഷകസമ്മേളനത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും,പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കർഷകരുമായി സംവദിക്കും. പതിനൊന്ന് മണിയോടെ റാലിക്ക് തുടക്കമാകും. രാജ്യത്തെ സോയബീൻ, പരുത്തി,ചോളം, പഴം,നട്‌സ് കർഷകർക്കാകും കരാറിൻ്റെ വലിയ പ്രത്യാഘാതം നേരിടേണ്ടി വരിക.ഭോപ്പാലിന് പിന്നാലെ മഹാരാഷ്ട്രയിലും,രാജസ്ഥാനിലും കർഷക സമ്മേളനങ്ങൾ പാർലമെൻ്റിൻ്റെ രണ്ടാംഘട്ട സമ്മേളനത്തിന് മുൻപായി നടത്തും. ജമ്മുകശ്മീർ,ബിഹാർ,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പാർലമെൻ്റ് സമ്മേളനത്തിന് ശേഷമാകും പ്രതിഷേധം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനായി വാഷിംഗ്ടണിൽ തുടങ്ങേണ്ടിയിരുന്ന ചര്‍ച്ച അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. കരാറിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന നിർണ്ണായകമായ ചീഫ് നെഗോഷ്യേറ്റർമാരുടെ കൂടിക്കാഴ്ച തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്നതാണെങ്കിലും ട്രംപിനെതിരായ അമേരിക്കൻ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നതോടെയാണ് ചർച്ച മാറ്റിയത്.ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഇറക്കുമതി നികുതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഫെബ്രുവരി 20-നാണ് യുഎസ് സുപ്രീം കോടതി വിധിച്ചത്. ഇതിനു പിന്നാലെ ഫെബ്രുവരി 24 മുതൽ എല്ലാ രാജ്യങ്ങൾക്കും10% പുതിയ നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും, തൊട്ടടുത്ത ദിവസം അത് 15%ആയി വർദ്ധിപ്പിക്കുകയും ചെയ്തു.ഈ പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി എങ്ങനെയൊക്കെ ബാധിക്കുമെന്ന് വ്യക്തമല്ല. ഫെബ്രുവരിയിൽ തന്നെ ചര്‍ച്ചകൾ പൂര്‍ത്തിയാക്കി മാര്‍ച്ചിൽ കരാറിൽ അന്തിമ ഒപ്പ് വെക്കൽ നടത്താനാണ് നേരത്തെ ധാരണയായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam