
ലഖ്‌നൗ: സർവകലാശാലയിലെ ഹിന്ദു വിദ്യാർത്ഥികൾ, റംസാൻ മാസത്തിൽ മുസ്ലീം സഹപാഠികൾക്ക് നമസ്‌കാരം നടത്താനും നോമ്പ് തുറക്കാനും സഹായിക്കുന്നതിനായി മനുഷ്യച്ചങ്ങല തീർത്തു. ലാൽ ബരാദാരി എന്ന കെട്ടിടത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ പ്രവേശന കവാടം സർവകലാശാല ഭരണകൂടം അടച്ചതിനെ തുടർന്നാണ് ക്യാമ്പസിനുള്ളിൽ മസ്‌കരിക്കാനും നോമ്പ് തുറക്കാനും സഹായിക്കുന്നതിനായി വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തത്. മുസ്ലീം സഹോദരങ്ങൾക്ക് നോമ്പ് തുറക്കാൻ ഹിന്ദു വിദ്യാർത്ഥികൾ കാവൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. ഒരുകാലത്ത് ബാങ്കും കാന്റീനും ഉണ്ടായിരുന്ന ലാൽ ബരാദാരി, സ്ഥിതി വഷളായതിനെത്തുടർന്ന് 2017–18 മുതൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പ്രവേശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, വിദ്യാർത്ഥികൾ പതിവായി കെട്ടിടത്തിൽ എത്തിയിരുന്നു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സർവകലാശാലാ ഭരണകൂടം വേലികെട്ടി അടച്ചു.
നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) യും സമാജ്‌വാദി ഛത്ര സഭയും ചേർന്ന് നിശബ്ദ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. നമ്മുടെ മുസ്ലീം സഹോദരന്മാർ പ്രാർത്ഥനയ്ക്കായി ലാൽ ബരാദാരിയിൽ പ്രവേശിച്ചിരുന്ന ഗേറ്റ് പൂട്ടി സീൽ ചെയ്തിരിക്കുന്നുവെന്ന് എൻഎസ്‌യുഐയുടെ ദേശീയ കോർഡിനേറ്റർ വിശാൽ സിംഗ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ലാൽ ബരാദാരി തകർന്ന അവസ്ഥയിലായതിനാൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് അടച്ചതെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായും (എഎസ്ഐ) മറ്റ് അധികാരികളുമായും ഞങ്ങൾ കത്തിടപാടുകൾ നടത്തുന്നുണ്ട്. കെട്ടിടംപൈതൃക ഘടനയായി സംരക്ഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ ഭാവന മിശ്ര പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam