
ദില്ലി: നോട്ട് നിരോധനത്തിന് പിന്നിൽ വലിയ അഴിമതി ആരോപിച്ച് കോൺഗ്രസ്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകൾ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളിൽ എത്തിച്ച് അസാധു നോട്ടുകൾ മാറ്റി നൽകിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഒറ്റയടിക്ക് ഇങ്ങനെ 320 കോടി രൂപ വരെ മാറ്റി നൽകിയിട്ടുണ്ടെന്നും ഒളിക്യാമറാ ദൃശ്യങ്ങളിൽ ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നതാണ് കോൺഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. ഇതിന് പിന്നിൽ അമിത് ഷാ ഉണ്ടെന്നും ഷായുടെ അറിവോടെയാണ് ഈ ഇടപാട് നടന്നതെന്നുമാണ് ഉദ്യോഗസ്ഥർ ഒളി ക്യാമറാ ദൃശ്യങ്ങളിൽ തുറന്ന് പറയുന്നത്.
1 ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസിലുള്ള നോട്ടുകളാണ് നേരത്തേ അച്ചടിച്ചത്. പരമരഹസ്യമാക്കി വച്ച് നവംബർ 8-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. എങ്ങനെയാണ് വിദേശത്ത് വച്ച് നോട്ടുകൾ പ്രിന്‍റ് ചെയ്തതെന്നും അത് ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളുപയോഗിച്ച് ഇന്ത്യയിലെത്തിച്ചതെന്നും, ദില്ലിയിലെ ഹിൻഡൺ എയർ ബേസിൽ എത്തിച്ചതെന്നും ഈ വീഡിയോയിൽ ഉദ്യോഗസ്ഥർ തുറന്ന് പറയുന്നു.
രാഹുൽ രഥ്‍രേഖർ എന്ന, ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീൽഡ് അസിസ്റ്റന്‍റാണ് ഇക്കാര്യങ്ങൾ വീഡിയോയിൽ സംസാരിക്കുന്നത്. എങ്ങനെയാണ് വിദേശത്ത് നിന്ന് ഈ കറൻസി കൈമാറ്റം നടന്നതെന്നും, അതിന് വ്യോമസേനയുടെ ഹിൻഡൺ എയർബേസ് ഉപയോഗിച്ചതെന്നും രാഹുൽ രഥ്‍രേക്കർ വിശദീകരിക്കുന്നു. രണ്ട് തവണ അമിത് ഷായുടെ പേര് ഇയാൾ പരാമർശിക്കുന്നു.
ഈ ഇടപാട് അമിത് ഷാ ഉൾപ്പടെയുള്ളവർ നേരിട്ടാണ് നിരീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു പ്രത്യേക വിഭാഗം തന്നെ ഇതിന് മേൽനോട്ടം നൽകിയതെന്നും ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീൽഡ് അസിസ്റ്റന്‍റ് വ്യക്തമാക്കുന്നു. 'നിപുൺ ശരൺ' എന്നയാളാണ് ഇതിന്‍റെ ചുമതല വഹിക്കുന്നതെന്നാണ് രഥ്‍രേക്കർ പറയുന്നത് (അത് കോഡ് നാമമായിരിക്കണം). വിദേശത്ത് നിന്ന് അച്ചടിച്ച് എത്തിച്ച കറൻസി കൈമാറ്റം കൈകാര്യം ചെയ്യാൻ മാത്രം പല വകുപ്പുകളിൽ നിന്ന് 26 പേരെയാണ് റിക്രൂട്ട് ചെയ്തത്.
ആർബിഐയുടെ പല ഓഫീസുകളിലായി ഇവരെ പോസ്റ്റ് ചെയ്തു. പണമിടപാട് നടത്തുമ്പോൾ പൊലീസോ, ക്രൈംബ്രാഞ്ചോ, വിജിലൻസോ ഇടപെട്ടിരുന്നില്ല. ആരെങ്കിലും വന്നാൽത്തന്നെ ദില്ലിയിൽ നിന്ന് കോൾ വരും.
ഇത് നടത്തിയ ഏറ്റവും നല്ല സൂപ്പർ വൈസർ താനായിരുന്നെന്നും രാഹുൽ രഥ്‍രേക്കർ വീഡിയോയിൽ സ്വയം മേനി പറയുന്നത് കേൾക്കാം. 20,000 കോടി രൂപ ഇതുവരെ തന്‍റെ കൈയിലൂടെ മാത്രം പോയിട്ടുണ്ടെന്നാണ് രഥ്‍രേക്കർ അവകാശപ്പെടുന്നത്.
റിലയൻസ് ജിയോയുടെ ഡാറ്റാബേസ് ഉപയോഗിച്ചാണ് ആർബിഐയ്ക്ക് ഈ ഫണ്ട് വീണ്ടും വീണ്ടും നൽകിയതായി ഡിജിറ്റൽ ഇടപാടുകൾക്ക് വ്യാജരേഖകളുണ്ടാക്കിയതെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു. ഊർജിത് പട്ടേലിന്‍റെ ഒപ്പുള്ള പുതിയ കറൻസികൾ നവംബറിന് ഏതാണ്ട് ആറ് മാസം മുമ്പ് തന്നെ അച്ചടിച്ചതാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
നോട്ട് നിരോധനത്തിന് മുമ്പ് തന്നെ വലിയ രാഷ്ട്രീയക്കാർക്കും ബിസിനസ് ഹൗസുകൾക്കും ബാങ്കുകൾക്കും ഈ അച്ചടിച്ച പുതിയ നോട്ടുകൾ നൽകിക്കഴിഞ്ഞിരുന്നുവെന്നും രഥ്‍രേക്കർ അവകാശപ്പെടുന്നു.
കോൺഗ്രസിന്‍റെ വാർത്താസമ്മേളനം പൂർണരൂപം കാണാം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam