നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് റഷ്യയിലുള്ള തനിക്കെതിരെ പൊലീസ് കേസെടുത്തുവെന്ന ആരോപണവുമായി യുവാവിൻ്റെ വീഡിയോ വൈറലാകുന്നു. സോഷ്യൽ മീഡിയിൽ വൈറലാകുന്ന വീഡിയോയിലാണ് യുവാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കിഷൻഗഞ്ച്: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തിൻ്റെ പേരിൽ റഷ്യയിലുള്ള തനിക്കെതിരെ പൊലീസ് കേസെടുത്തുവെന്ന ആരോപണവുമായി യുവാവിൻ്റെ വീഡിയോ പ്രചരിക്കുന്നു. ബിഹാറിലെ കിഷൻഗഞ്ച് സ്വദേശിയായ മുഹമ്മദ് സദഖത്ത് ആണ് വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ചിത്രീകരിച്ചത് റഷ്യയിൽ നിന്നാണെന്നാണ് അവകാശവാദം. കഴിഞ്ഞ നാലുമാസമായി റഷ്യയിലുള്ള തനിക്കെതിരെ പൊലീസ് പ്രതിഷേധത്തിൽ പങ്കെടുത്തതിന് കേസെടുത്തു എന്നാണ് ആരോപണം. അതേസമയം വീഡിയോയുടെ ആധികാരികത പരിശോധിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്താണ് യുവാവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജൂലൈ 25ന് ബഹദൂർഗഞ്ചിൽ നടന്ന പ്രതിഷേധത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും നാലുമാസമായി റഷ്യയിലാണ് താമസിക്കുന്നതെന്നും യുവാവ് വീഡിയോയിൽ പറയുന്നു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ട യുവാവ് തൻ്റെ പേര് എഫ്ഐആറിൽനിന്ന് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.

അതേസമയം യുവാവിൻ്റെ വീഡിയോ വൈറലായതിനെ തുടർന്ന് പിടിഐ ബന്ധപ്പെട്ടപ്പോൾ സംഭവം സ്ഥിരീകരിക്കാനോ തള്ളാനോ കിഷൻഗഞ്ച് എസ്പി ഹരിമോഹൻ ശുക്ല തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ചോദ്യത്തോട്, സമരങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുള്ളവർക്ക് പരിഹാരത്തിനായി പൊലീസിനെ സമീപിക്കാവുന്നതാണെന്ന് എസ്പി പ്രതികരിച്ചു.

Scroll to load tweet…

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ബിഹാർ സർക്കാർ അറിയിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായവരെ വിട്ടയയ്ക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ജൂലൈ 26ന് പുലർച്ചെ ആറുമണിക്ക് മുമ്പ് വരെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും പരാതികളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാനായിരുന്നു സർക്കാർ തീരുമാനം. ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സംസ്ഥാന വ്യാപക ബന്ദ് ആചരിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 694 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പകുതിയോളം പ്രായപൂർത്തിയാകാത്തവരായിരുന്നു.