
പട്ന: ബിഹാറിലെ കോൺഗ്രസ് എംപി ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ എംപി മനോജ് കുമാറിന് ഗുരുതര പരിക്കേറ്റു. എംപിയുടെ വാഹനവ്യൂഹത്തിലെ വാഹനം നാട്ടുകാരനെ തട്ടിയെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി. പിഎ അടക്കം പൊലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് ആക്രമണം. ബിഹാറിലെ കൈമൂരിൽ ഒരു സംഘം ആളുകളാണ് എംപിയെ മര്‍ദ്ദിച്ചത്.
സസാറാമിൽ നിന്നുള്ള എംപിയാണ് മനോജ് കുമാർ. പ്രാദേശിക സ്‌കൂൾ മാനേജ്‌മെൻ്റും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ നാഥുപൂർ ഗ്രാമത്തിലേക്ക് പോയപ്പോഴാണ് സംഭവം. എംപിയുടെ സഹോദരൻ മൃത്യുഞ്ജയ് ഭാരതിയാണ് സ്വകാര്യ സ്കൂൾ നടത്തുന്നത്. പ്രൈമറി അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ വിജയഘോഷയാത്രയ്ക്കിടെ തൻ്റെ സ്കൂൾ ബസ് ഡ്രൈവർമാരിൽ ഒരാളെ ഗ്രാമവാസികൾ ചിലർ മർദിച്ചതായി ഭാരതി ആരോപിച്ചു.
തര്‍ക്കത്തിനിടെ ഗ്രാമവാസികളെ എംപി മാധാനിപ്പിച്ചെങ്കിലും വടിയും കുന്തവുമായി മടങ്ങിയെത്തി എംപിയെയും അനുയായികളെയും ആക്രമിക്കുകയായിരുന്നുവെന്ന് കൈമൂർ എസ്പി ഹരിമോഹൻ ശുക്ല പറഞ്ഞു. കുമാറിൻ്റെ സഹോദരനെയും ഗ്രാമവാസികൾ മർദ്ദിച്ചതായി എസ്പി പറഞ്ഞു. സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam