
മുംബൈ: സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയിൽ നിന്ന് എങ്ങനെ സാമ്പത്തിക സഹായം ലഭിച്ചു എന്ന് കോൺഗ്രസ് വിശദീകരിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയിൽ നടന്ന വിർച്വൽ ജൻ സംവാദ് റാലിയിൽ പങ്കെടുത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്. 'ചൈനീസ് എംബസിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച വിഷയത്തിൽ ജനങ്ങൾക്ക് വിശദീകരണം നൽകാൻ കോൺഗ്രസിന് കടമയുണ്ട്. ചില വിവരങ്ങൾ കൈമാറിയതിന് പകരമായിട്ടാണ് ഫണ്ട് സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. 'ഫഡ്നാവിസ് പറഞ്ഞു.
ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് എന്ത് വിവരങ്ങളാണ് കൈമാറിയതെന്ന് കോൺഗ്രസ് വെളിപ്പെടുത്തണമെന്നും ഫഡ്നാവിസ് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 2007ൽ ഇന്ത്യയിലെ ചൈനീസ് എംബസി 90 ലക്ഷം രൂപ സംഭാവന നൽകിയെന്നാണ് ആരോപണം. ഫൗണ്ടേഷന്റെ 2007 ലെ വിദേശ സംഭാവന രേഖകളാണ് ഇതിനു തെളിവായി അടുത്തിടെ ബിജെപി പുറത്തു വിട്ടത്.
രേഖയിൽ നാലാമതായാണ് എംബസിയുടെ പേരുള്ളത്. 2006 ലെ വാർഷിക റിപ്പോർട്ടിൽ സംഭാവന നൽകിയവരുടെ പട്ടികയിൽ ചൈനീസ് സർക്കാരിന്റെ പേരുണ്ടെന്നും ബിജെപി ആരോപിക്കുന്നു. എന്നാൽ വികലാംഗരുടെ ക്ഷേമപദ്ധതിക്കും ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും ചൈനീസ് എംബസിയിൽ നിന്നും 1.45 കോടി രൂപ ഗ്രാന്റായി ലഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam