
ദില്ലി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ഫണ്ട് തിരിമറിയിൽ ആർഎസ്എസ് നൽകിയ വിശദീകരണം ലജ്ജാകരമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അടിയന്തരമായി പിരിച്ചുവിടണമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. സംഭാവന കൊള്ള നടത്തിയത് ആർഎസ്എസ് ശൃംഖലയുടെ ഭാഗമായവരാണെന്നും, ഇതൊരു തട്ടിപ്പ് സംഘമാണെന്നും ജയറാം രമേശ് എക്സിൽ കുറിച്ചു.
ആർഎസ്എസ് ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് കോൺഗ്രസ് മാധ്യമവിഭാഗം ചെയർമാൻ പവൻ ഖേര വിമർശിച്ചു. രാമക്ഷേത്ര കൊള്ള സംബന്ധിച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ നടത്തിയ പ്രതികരണം മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണ്. എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് യുപി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നിയമസാധുത നൽകാനാണ് ശ്രമിക്കുന്നതെന്നും പവൻ ഖേര ആരോപിച്ചു. വമ്പൻ സ്രാവുകളെ സംരക്ഷിച്ച് ചില ചെറിയ ആളുകളെ ബലിയാടാക്കാനാണ് എസ്.ഐ.ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്തി വെറും പ്രകടനവും കൊള്ളയടി ഒരു തൊഴിലുമാക്കിവരാണ് ആർഎസ്എസ് എന്നും അദ്ദേഹം വിമർശിച്ചു.
ട്രസ്റ്റ് രൂപീകരിക്കുന്നതിന് മുമ്പ് ക്ഷേത്ര നിർമ്മാണത്തിനായി സമാഹരിച്ച 1,400 കോടിയോളം രൂപയുടെ കണക്കുകൾ പരസ്യപ്പെടുത്തണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. രാമക്ഷേത്രത്തിന്റെ മുഴുവൻ ക്രെഡിറ്റും ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഭാവന കൊള്ളയിൽ മൗനം പാലിക്കുകയാണെന്നും രാഗിണി നായക് ആവശ്യപ്പെട്ടു. ക്രെഡിറ്റ് എടുക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കണമെന്നും ഇത് ജനങ്ങളുടെ വിശ്വാസത്തോടുള്ള വഞ്ചനയാണെന്നും അവർ കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിലെ മോഷണം ദൗർഭാഗ്യകരമാണെന്നും ഇത് മുഴുവൻ സമൂഹത്തിന്റെയും രാമഭക്തരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ ഇന്നലെ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാറിനെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam