ചിലവ് ചുരുക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്; ഭാരവാഹികളുടെ അലവന്‍സിലും, യാത്ര ചിലവിലും നിയന്ത്രണം

By Web TeamFirst Published Aug 14, 2021, 9:01 AM IST
Highlights

സെക്രട്ടറിമാര്‍ക്ക് 1400 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് അനുയോജ്യമായ ട്രെയിന്‍ ടിക്കറ്റ് നിരക്ക് നല്‍കും. 1400 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് കുറഞ്ഞ വിമാന നിരക്കും നല്‍കും. 

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചിലവ് ചുരുക്കല്‍ മാര്‍ഗ്ഗങ്ങള്‍ തേടി കോണ്‍ഗ്രസ്. പാര്‍ലമെന്‍റ് അംഗങ്ങള്‍ കൂടിയായ ജനറല്‍ സെക്രട്ടറിമാരോട് വിമാനയാത്ര ചിലവ് കുറഞ്ഞ രീതിയില്‍ നടത്താനും, പറ്റാവുന്ന രീതിയില്‍ എല്ലാം ട്രെയിന്‍ ഉപയോഗിക്കാനും നിര്‍ദേശിക്കുന്ന പാര്‍ട്ടി 50,000 രൂപയെങ്കിലും പാര്‍ട്ടിക്കായി ഇതുവഴി ലാഭിക്കാന്‍ പറയുന്നു. ഒപ്പം എംപിമാരോട് 50,000 രൂപ വര്‍ഷം പാര്‍ട്ടിക്ക് നല്‍കാനും കോണ്‍ഗ്രസ് നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. 

സെക്രട്ടറിമാര്‍ക്ക് 1400 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് അനുയോജ്യമായ ട്രെയിന്‍ ടിക്കറ്റ് നിരക്ക് നല്‍കും. 1400 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് കുറഞ്ഞ വിമാന നിരക്കും നല്‍കും. ട്രെയിന്‍ നിരക്ക് വിമാനനിരക്കിനെക്കാള്‍ കൂടുതലായാല്‍ മാത്രമേ മാസത്തില്‍ രണ്ടുതവണ വിമാന നിരക്ക് നല്‍കൂവെന്നാണ് കോണ്‍ഗ്രസ് ഇത് സംബന്ധിച്ചിറക്കിയ മെമ്മോ പറയുന്നത് എന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെലവ് ചുരുക്കാന്‍ എല്ലാ ഭാരവാഹികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഒരോ രൂപയും ലാഭിക്കണം. ചിലവ് കുറയ്ക്കാനുള്ള എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കിയതായി കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സല്‍ പറയുന്നു. സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നിവരുടെ അലവന്‍സുകള്‍ വെട്ടികുറയ്ക്കും. ഒപ്പം തന്നെ കാന്‍റീന്‍, സ്റ്റേഷനറി, പത്രം, ഇന്ധനം തുടങ്ങിയ ചിലവുകള്‍ ഭാരവാഹികള്‍ പരമാവധി കുറയ്ക്കണം. സെക്രട്ടറിക്ക് 12,000 രൂപയും, ജനറല്‍ സെക്രട്ടറിക്ക് 15,000 രൂപയുമാണ് കോണ്‍ഗ്രസ് അലവന്‍സ് നല്‍കുന്നത്. 

എന്നാല്‍ പലരും ഈ അലവന്‍സ് മാസവും കൈപ്പറ്റാറില്ല, അപൂര്‍വ്വമായി മാത്രമേ കൈപറ്റാറുള്ളൂ. എങ്കിലും ഇതും കുറയ്ക്കുമെന്നാണ് കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സാല്‍ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!